വിനീതിന്‍റെ വിജയഗോള്‍; സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്

Published : Feb 02, 2018, 09:42 PM ISTUpdated : Oct 05, 2018, 02:44 AM IST
വിനീതിന്‍റെ വിജയഗോള്‍; സെമി സാധ്യത നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്

Synopsis

പുനെ: ഇഞ്ചുറി ‍ടൈമില്‍ മലയാളി താരം സി.കെ വിനീത് നേടിയ ലോകോത്തര ഗോളിലൂടെ പുനെയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. 93-ാം മിനുറ്റില്‍ വിനീത് നേടിയ സൂപ്പര്‍ ഗോളില്‍ 2-1നായിരുന്നു മഞ്ഞപ്പടയുടെ വിജയം. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അവസ്മരണീയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.

57-ാം മിനുറ്റില്‍ ഗുഡ്ജോണിന്‍റെ പാസില്‍ നിന്ന് ജാക്കിചന്ദ് സിംഗ് മഞ്ഞപ്പട ലീഡുസമ്മാനിച്ചു. എന്നാല്‍ 76-ാം മിനുറ്റില്‍ ലഭിച്ച പെനാള്‍ട്ടി ആള്‍ഫാരോ ഗോളാക്കി പുനെയുടെ സമനില പിടിച്ചു. രണ്ട് ടീമിനും ഗോള്‍ പിറക്കാത്ത കാഴ്ച്ചയാണ് പിന്നീട് 90 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കണ്ടത്. എന്നാല്‍ അധിക സമയത്ത് ലഭിച്ച സുവര്‍ണാവസരം വിനീത് ഗോളാക്കിയപ്പോള്‍ പുനെയുടെ ശ്വാസം നിലയ്ക്കുകയായിരുന്നു.

ആദ്യ പകുതി
കേരള ബ്ലാസ്റ്റേ‌ഴ്സിന്‍റെ ആക്രമണത്തോടെയാണ് പുനെയിലെ അങ്കം തുടങ്ങിയത്. മൂന്നാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗ് വലതുവിങ്ങിലൂടെ മുന്നേറിയെങ്കിലും മികച്ച ക്രോസുതിര്‍ക്കാനായില്ല. ആറാം മിനുറ്റില്‍ ഡീഗോ കാര്‍ലോസിലൂടെ പുനെ തങ്ങളുടെ ആദ്യ ആക്രമണം നടത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഗോളി സുഭാശിഷ് റോയി രക്ഷകനായി. പത്താം മിനുറ്റില്‍ മഞ്ഞപ്പടയെ ഞെട്ടിച്ച് പുനെയുടെ ഗോള്‍മെഷീന്‍ മാര്‍സലീഞ്ഞോയുടെ ഫ്രീകിക്ക് പോസ്റ്റിനെയുരുമി കടന്നുപോയി. 

29-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ തകര്‍പ്പന്‍ ക്രോസിന് തലവെച്ചെങ്കിലും ഹ്യൂമേട്ടന് ലക്ഷ്യംതെറ്റി. 36-ാം മിനുറ്റില്‍ മലയാളി താരം സി.കെ വിനീതിനെ ഫൗള്‍ ചെയ്തതിന് പുനെയുടെ റാഫ ലോപ്പസിന് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടി. തൊട്ടുപിന്നാലെ 38-ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയെ വീഴ്ത്തിയതിന് നെമന്‍ജ പെസികിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. 

41-ാം മിനുറ്റില്‍ മിലന്‍ സിംഹഗിന്‍റെ കൃത്യമായ പാസ് ഗോളിലേക്ക് തിരിച്ചുവിടുന്നതിനിടയില്‍ ഇയാന്‍ ഹ്യൂമിന് പിഴച്ചു. പരിക്കേറ്റ് പിടഞ്ഞ ഹ്യൂമിന് പകരക്കാരനായി ഇഞ്ചുറി ടൈമില്‍ ഗുഡ്ജോണ്‍ കളത്തിലിറങ്ങി.  ആവേശമായെങ്കിലും ഇരുടീമുകള്‍ക്കും വലകുലുക്കാനാകാതെ പുനെയിലെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. 

രണ്ടാം പകുതി
എന്നാല്‍ രണ്ടാം പകുതി പുനെയുടെ ആക്രമണത്തോടെയാണ് തുടങ്ങിയത്. 53-ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയുടെ അതിശക്തമായ ഇടംങ്കാല്‍ ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു. എന്നാല്‍ 57-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ തകര്‍പ്പന്‍ ഗോള്‍ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. ഇയാന്‍ ഹ്യൂമിന് പകരക്കാരന്‍ ഗുഡ്ജോണിന്‍റെ പാസ് പുനെ ഗോളി വിശാല്‍ കെയ്ത്തിനെ കാഴ്ച്ചക്കാരനാക്കി ജാക്കിചന്ദ് മനോഹരമായി വലയിലിട്ടു. 

61-ാം മിനുറ്റില്‍ അല്‍ഫാരോയെ ഫൗള്‍ ചെയ്തതിന് സന്ദേശ് ജിംഗാന് സീസണിലെ നാലാം മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് നായകന് അടുത്ത മത്സരം നഷ്ടപ്പെടും. പുനെ 70-ാം മിനുറ്റില്‍ ബല്‍ജിത്ത് സാഹ്നിയ്ക്ക് പകരം കീന്‍ ലെവിസിനെയിറക്കി. 73-ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയുടെ ഇടംങ്കാല്‍ വെടിയുണ്ട ഒരിക്കല്‍ കൂടി ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തെ വിറപ്പിച്ചെങ്കിലും സുബാശിഷ് റോയി രക്ഷകനായി. 

രണ്ട് മിനുറ്റിന്‍റെ ഇടവേളയില്‍ വീണ്ടും മാര്‍സലീഞ്ഞോ ഇടംങ്കാല്‍ ഷോട്ടുതിര്‍ത്തത് ബ്ലാസ്റ്റേഴ്‌സ് ഗോളിക്ക് തലവേദനയായി. 76-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി സുബാശിഷ് റോയി പുനെ മൂന്നേറ്റ താരം അല്‍ഫാരോയെ വീഴ്ത്തിയപ്പോള്‍ റഫറി പെനാല്‍ട്ടി ബോക്സിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ആല്‍ഫാരോ ഗോളിക്ക് അവസരം പോലും കൊടുക്കാതെ പന്ത് വലത് മൂലയിലിട്ടതോടെ മത്സരം സമനിലയിലായി.

81-ാം മിനുറ്റില്‍ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ച് സികെ വിനീത് പോസ്റ്റിലേക്ക് തകര്‍ത്തടിച്ചെങ്കിലും കൃത്യമായ ഇടം കണ്ടെത്താനായില്ല. തൊട്ടുപിന്നാലെ വീണ്ടും ഇടംങ്കാല്‍ പ്രഹരവുമായി മാര്‍സലീഞ്ഞോ തിരിച്ചടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 86-ാം മിനുറ്റില്‍ ലാല്‍റുത്താര മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ഗോള്‍ മാത്രം മാറിനിന്നു. 

എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെക്കൂസന്‍റെ പാസ് നെഞ്ചിലെടുത്ത് കറങ്ങി തിരിഞ്ഞ് വിനീത് ഇടംങ്കാല്‍ കൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ പുനെയില്‍ മഞ്ഞപ്പട വിജയക്കൊടി പാറിച്ചു. കനത്ത ഇടംങ്കാലന്‍ ഷോട്ടുകളുമായി മഞ്ഞപ്പടയെ വിറപ്പിച്ച പുനെയുടെ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് കളിയിലെ താരം. വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്നാം നമ്പറില്‍ തിലക് വര്‍മ; സൂര്യകുമാറിനെ താഴെ ഇറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷം
കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'