ഡേവിഡേട്ടന്‍ കളി മാറ്റി; സമനില പിടിച്ച് ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പ്

By Web DeskFirst Published Jan 4, 2018, 8:43 PM IST
Highlights

കൊച്ചി: പുനെയുടെ മിന്നല്‍ വേഗത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ പുനെ എഫ്‌സിയെ മഞ്ഞപ്പട 1-1ന് സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ 74-ാം മിനുറ്റില്‍ സമനില പിടിച്ചു. പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജെയിംസിന് കീഴില്‍ ഗോളടിക്കാന്‍ കളിച്ച ബ്ലാസ്റ്റേഴ്സിനെയാണ് കൊച്ചിയില്‍ കണ്ടത്.

പുനെയുടെ അതിവേഗ ആക്രമണങ്ങള്‍ കണ്ടാണ് ആദ്യ പകുതി തുടങ്ങിയത്. മുന്നേറ്റവും പ്രതിരോധവും ഒരേ സമയം ശക്തിപ്പെടുത്തിയിട്ടുള്ള പുനെ ആക്രമത്തിനു മുന്നില്‍ ബ്ലാസ്റ്റേഴ്സിന് പിടിച്ചുനില്‍ക്കാനായില്ല. അതേസമയം കേരള പ്രതിരോധം പിഴവുകള്‍ കൊണ്ട് പുനെക്ക് മുന്നില്‍ ഗോള്‍മുഖം തുറന്നിട്ടു. എന്നാല്‍ വീണ്ടും കരുത്തുകാട്ടിയ സുഭാശിഷ് റോയി മിന്നും സേവുകളുമായി മഞ്ഞപ്പടയ്ക്ക് രക്ഷകനായി. 

ആദ്യ പകുതിയുടെ 33-ാം മിനുറ്റില്‍ ഗോളടി യന്ത്രം മാര്‍സലീഞ്ഞോയുടെ ഗോളോടെ പുനെ ലീഡ് സ്വന്തമാക്കി. മലയാളി താരം ആഷിഖ് കരുണിയന്‍റെ പാസില്‍ നിന്നായിരുന്നു മാര്‍സലീഞ്ഞോയുടെ ഗോള്‍. എന്നാല്‍ അവസരങ്ങള്‍ ലഭിച്ചിട്ടും തിരിച്ചടിക്കാന്‍ കഴിയാതെ മഞ്ഞപ്പട വിയര്‍ത്തു. അധിക സമയത്ത് ലഭിച്ച ഫ്രീകിക്ക് സുവര്‍ണാവസരം മഞ്ഞപ്പട നശിപ്പിക്കുകയും ചെയ്തതോടെ ആദ്യ പകുതി പുനെയുടേതായി. 

എന്നാല്‍ അടിക്ക് തിരിച്ചടി നല്‍കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. മഞ്ഞക്കടലിന്‍റെ ആരവത്തിന് മൂര്‍ച്ച കൂട്ടി 73-ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ ശക്തമായ മറുപടി. മനോഹരമായ നീക്കത്തിനൊടുവില്‍ മാര്‍ക് സിഫ്നോസിന്‍റെ സമനില ഗോള്‍ പിറന്നപ്പോള്‍ ഒരിക്കല്‍ കൂടി സ്റ്റേഡിയം തിളച്ചുമറിഞ്ഞു. പെക്കൂസന്‍റെ മനോഹര പാസ് അനായാസം സിഫ്നോസ് വലയിലാക്കുകയായിരുന്നു. 

പിന്നാലെ  കേരളം തുടര്‍ ആക്രമണങ്ങളുമായി പുനെയെ വിറപ്പിച്ച് മുന്നേറി. മാര്‍സലീഞ്ഞോയെ സ്വതന്ത്രനായി വിട്ടതിന് ലഭിച്ച നാണക്കേട് മാറ്റി രണ്ടാം പകുതിയില്‍ കേരളം ബ്രസീലിയന്‍ താരത്തെ പൂട്ടുകയും ചെയ്തു. ആദ്യ പകുതിയില്‍ നിറംമങ്ങിയ പ്രതിരോധം രണ്ടാം പകുതിയില്‍ കോട്ടകെട്ടി മഞ്ഞക്കോട്ട കാത്തതോടെ കൂടുതല്‍ ഗോള്‍വഴങ്ങാതെ തലയുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ് കളിയവസാനിപ്പിച്ചു. 

click me!