ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.

മുംബൈ: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയേക്കും. നിലവില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പയില്‍ രാഹുലിന് ബാക്ക് അപ്പായി പന്ത് ഉണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതിനിടെയാണ് പന്തിനെ ഒഴിവാക്കിയേക്കുമെന്നുള്ള വാര്‍ത്തകള്‍ വരുന്നത്. പകരം ഇഷാന്‍ കിഷനെ ഏകദിന ടീമില്‍ കൂടി ഉള്‍പ്പെടുത്താനാണ് ബിസിസിഐ സെലക്ഷന്‍ കമ്മറ്റി പദ്ധതിയിടുന്നത്. പന്തിനെ ടെസ്റ്റ് ടീമില്‍ മാത്രം കളിപ്പിക്കാനാണ് സെലക്റ്റര്‍മാരുടെ തീരുമാനം.

പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര നഷ്ടമായ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തും. ഇതോടെ യശസ്വി ജയ്‌സ്വാള്‍ വീണ്ടും ബാക്ക് അപ്പ് ഓപ്പണറാകും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു താരം. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള ശ്രേയസ് അയ്യരുടെ കാര്യം സംശയത്തിലാണ്. പൂര്‍ണ കായികക്ഷമത തെളിയിക്കുന്ന സാഹചര്യത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തും. ശ്രേയസിന്റെ അഭാവത്തില്‍ മധ്യനിരയില്‍ റുതുരാജ് ഗെയ്കവാദ് - തിലക് വര്‍മ സഖ്യം തുടര്‍ന്നേക്കും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് വിശ്രമം നല്‍കിയേക്കും.

സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയുണ്ട് സഞ്ജുവിന്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിച്ച കിഷന്‍ ഫിനിഷിംഗ് റോളില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത് കിഷന്‍ മുന്‍തൂക്കം നല്‍കും. ഇതിനോടകം 24 ഏകദിന ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള കിഷന്‍ 933 റണ്‍സാണ് നേടിയത്. 42.40 ശരാശരിയും 102.19 സ്‌ട്രൈക്ക് റേറ്റും കിഷനുണ്ട്. 210 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയും കിഷനുണ്ട്.

സഞ്ജു 14 ഏകദിന ഇന്നിംഗ്‌സുകള്‍ കളിച്ചു. 510 റണ്‍സാണ് നേടിയത്. 56.66 ശരാശരിയുണ്ട് സഞ്ജുവിന്. ഒരു സെഞ്ചുറി മൂന്ന് അര്‍ധ സെഞ്ചുറിയും സഞ്ജു നേടി. പന്ത് 27 തവണ ബാറ്റിംഗിനെത്തി 871 റണ്‍സ് നേടിയ പന്തിന്റെ ശരാശരി 33.50. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും പന്തിനുണ്ട്. നിലവില്‍ പ്രധാന വിക്കറ്റ് കീപ്പറായ രാഹുല്‍ 72 ഇന്നിംഗ്‌സുകള്‍ കളിച്ചു. 2851 റണ്‍സ് നേടിയ രാഹുലിന്റെ ശരാശരി 49.15. ഏഴ് സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറിയും രാഹുല്‍ നേടി. ഉയര്‍ന്ന സ്‌കോര്‍ 112.

YouTube video player