
മുംബൈ: അന്ധേരിയിലെ നീലക്കടലിനെ മഞ്ഞക്കടലാക്കി കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം എവേ വിജയം. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം ഡൈനമോസിനെതിരായ മത്സരത്തില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയപ്പോള്‍ ഏകപക്ഷീയ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിക്കുകയായിരുന്നു. 24-ാം മിനിട്ടില്‍ മുംബൈ ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടയില്‍ ഹ്യൂമേട്ടന്‍റെ തന്ത്രപരമായ നീക്കം മുംബൈയുടെ പോസ്റ്റിലേക്ക് ഇരച്ചുകയറിയതോടെ ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ടാണ് മുംബൈയില്‍ പോരാട്ടം തുടങ്ങിയത്. എന്നാല്‍ പിന്നാലെ തിരിച്ചടിച്ച് മുംബൈ മഞ്ഞപ്പടയെ വിറപ്പിക്കാന്‍ ശ്രമിച്ചു. 14-ാം മിനുറ്റില്‍ ഫ്രീകിക്കിലൂടെ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു. എന്നാല്‍ പെക്കൂസന്‍റെ പാസില്‍ നിന്ന് ഇയാന്‍ ഹ്യൂം ഗോള്‍ കണ്ടെത്തിയതോടെ മഞ്ഞപ്പട ആദ്യ പകുതി സ്വന്തമാക്കി. എന്നാല്‍ മുംബൈയും ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.
47-ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസിന് പകരം മലയാളിതാരം സി.കെ വിനീത് കളത്തിലിറങ്ങി. ഗാലറിയിലെ മഞ്ഞക്കടലാരവത്തെ നിശബ്ധമാക്കി 49-ാം മിനുറ്റില്‍ മുബൈ സിറ്റി എഫ്സി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 55-ാം മിനുറ്റില്‍ മലയാളി താരം റിനോ ആന്‍റോ പരിക്കേറ്റ് പുറത്തുപോയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ഗോള്‍വഴങ്ങാതെ പിടിച്ചുനിന്നു.
പിന്നീട് രണ്ട് ടീമും ആക്രണം ശക്തിപ്പെടുത്തിയെങ്കിലും അധിക ഗോളുകള്‍ പിറന്നില്ല. തുടര്‍ച്ചയായ രണ്ടാം കളിയിലും ടീമിനെ വിജയിപ്പിച്ച ഇയാന്‍ ഹ്യൂമാണ് കളിയിലെ താരം. ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്‍റുമായി കേരളം ആറാം സ്ഥാനത്തെത്തി. 10 കളികളില്‍ 14 പോയിന്‍റുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!