ഗോവയെ വീഴ്‌ത്തി മുംബൈ സിറ്റി എഫ്‌സിയ്‌ക്ക് ആദ്യ ജയം

By Web DeskFirst Published Nov 25, 2017, 9:37 PM IST
Highlights

മുംബൈ: ഇന്ത്യൻ സൂപ്പ‍ർ ലീഗിൽ മുംബൈ സിറ്റി എഫ് സിക്ക് ആദ്യ ജയം. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എഫ് സി ഗോവയെയാണ് മുംബൈ സിറ്റി എഫ് സി തോൽപ്പിച്ചത്. അമ്പത്തിയൊമ്പതാം മിനിട്ടിൽ എവർട്ടൺ സാന്റോസിന്റെയും തിയാഗോ സാന്റോസിന്റെയും നി‍ർണായക ഗോളുകളിലൂടെയാണ് മുംബൈ, സ്വന്തം തട്ടകത്ത് ഈ സീസണിലെ ആദ്യ ജയം ആഘോഷിച്ചത്. മാനുവൽ അരാനയാണ് എഫ് സി ഗോവയുടെ ആദ്യ ഗോൾ നേടിയത്. ഇടവേളയ്‌ക്ക് പിരിയുമ്പോൾ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല.

കളംനിറഞ്ഞ് കളിച്ചത് എഫ് സി ഗോവയായിരുന്നെങ്കിലും മൽസരഗതിക്ക് വിപരീതമായാണ് വിധി നിർണയിച്ച ഗോൾ പിറന്നത്. ഗോൾകീപ്പറുടെ പിഴവാണ് എവർട്ടൺ സാന്റോസിന് ഗോളവസരമൊരുക്കിയത്. കിട്ടിയ അവസരം ഒരു നിമിഷം പോലും പാഴാക്കാതെ ഗോള്‍കീപ്പറുടെ കാൽക്കീഴിൽനിന്ന് പന്ത് റാ‌ഞ്ചിയെടുത്ത് ബ്രസീലിയൻ താരം സാന്റോസ് ഗോള്‍പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലും മികച്ചുനിന്ന എഫ് സി ഗോവയായിരുന്നു. ഗോൾ മടക്കാൻ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് അരാന ഗോവയെ ഒപ്പമെത്തിച്ചു. എന്നാൽ ഗോവയുടെ ആഹ്ലാദത്തിന് അധികം ആയുസില്ലായിരുന്നു. തിയാഗോ സാന്‍റോസിലൂടെ മുംബൈ സിറ്റി എഫ് സി വിജയഗോൾ കണ്ടെത്തിയതോടെ ഗ്യാലറികൾ ഇളകിമറിഞ്ഞു.

ഈ വിജയത്തോടെ മുംബൈ രണ്ടു കളികളിൽനിന്ന് ഒരു വിജയവും ഒരു തോൽവിയും ഉൾപ്പടെ മൂന്നു പോയിന്റുമായി നാലാം സ്ഥാനത്തെത്തി. ഈ മൽസരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു മുംബൈ സിറ്റി എഫ് സി. അതേസമയം മുംബൈയോട് തോറ്റതോടെ നാലാമതായിരുന്നു എഫ് സി ഗോവ നാലാം സ്ഥാനത്തുനിന്ന് അ‌ഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

അയൽക്കാരായ പൂനെ സിറ്റി എഫ് സിക്കെതിരെ നവംബർ 29നാണ് മുംബൈ സിറ്റി എഫ് സിയുടെ അടുത്ത മൽസരം. നംവബർ 30 ബംഗളുരു എഫ് സിക്കെതിരെയാണ് എഫ് സി ഗോവയുടെ അടുത്ത മൽസരം.

click me!