റാഞ്ചിയില്‍ വിജയം റാഞ്ചാനൊരുങ്ങി ഇന്ത്യ

By Web DeskFirst Published Mar 19, 2017, 12:41 AM IST
Highlights

റാഞ്ചി: റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ വിജയം റാഞ്ചാനൊരുങ്ങി ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 451 റണ്‍സിന് മറുപടിയായി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ നാലാം ദിനം രണ്ട് ഓസീസ് വിക്കറ്റുകള്‍ വീഴ്‌ത്തി വിജയത്തിലേക്കുള്ള വഴിതുറന്നുകഴിഞ്ഞു.

152 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ഇറങ്ങിയ ഓസീസിന് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും(14) നൈറ്റ് വാച്ച്‌മാന്‍ നഥാന്‍ ലയണിന്റെയും(4) വിക്കറ്റുകളാണ് നഷ്ടമായത്. ജഡേജയ്ക്കാണ് രണ്ടു വിക്കറ്റും. എട്ടു വിക്കറ്റ് ശേഷിക്കെ 129 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി അവസാന ദിവസം ക്രീസിലിറങ്ങുന്ന ഓസീസിന് നായകന്‍ സ്റ്റീവ് സ്മിത്തിലാണ് അവസാന പ്രതീക്ഷ. ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ നില്‍ക്കാനിടയുള്ള ഒരേയൊരു ബാറ്റ്സ്മാനും സ്മിത്തായിരിക്കും. സ്കോര്‍ ഓസ്ട്രേലിയ 451, 23/2, ഇന്ത്യ 603/9.

360/6 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയെ പൂജാരയും സാഹയും ചേര്‍ന്നാണ് വിജയതീരത്തെത്തിച്ചത്. 199 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇരുവരും കളി ഓസീസിന്റെ കൈയില്‍ നിന്ന് തട്ടിയെടുത്തു. നാലാം ദിനം ആദ്യ രണ്ട് സെഷനുകളിലും വിക്കറ്റ് പോവാതെ ലീഡിലേക്ക് അടിവെച്ചുകയറിയ ഇന്ത്യ അവസാന സെഷനില്‍ ജഡേജയുടെ വമ്പനടികളിലൂടെ ലീഡ് 150 കടത്തി.

ഇതിനിടെ പൂജാര കരിയറിലെ മൂന്നാം ഡബിളും സാഹ കരിയറിലെ മൂന്നാം സെഞ്ചുറിയും കുറിച്ചിരുന്നു. 202 റണ്‍സെടുത്ത പൂജാര ലയണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ലീഡ് 70 കടന്നിരുന്നു. പൂജാരയ്ക്ക് പിന്നാലെ സാഹയും(117) മടങ്ങിയെങ്കിലും ഉമേഷ് യാദവിന്റെ(16) കൂട്ടില്‍ ജഡേജ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ 600 കടന്നു. 55 പന്തില്‍ 54 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു. ഓസീസിനായി കമിന്‍സ് നാലും 77 ഓവര്‍ ബൗള്‍ ചെയ്ത ഒക്കീഫേ മൂന്നും വിക്കറ്റെടുത്തപ്പോള്‍ ലയണും ഹേസല്‍വുഡും ഓരോ വിക്കറ്റെടുത്തു.

സ്പിന്നിനെ തുണച്ചുതുടങ്ങിയ പിച്ചില്‍ അവസാന ദിവസം ബാറ്റിംഗ് ഓസീസിന് ഒട്ടും എളുപ്പമാവില്ല. അവസാന ദിവസം ആദ്യസെഷനില്‍ പിടിച്ചുനില്‍ക്കാനായിരിക്കും ഓസീസ് ശ്രമം. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ വിക്കറ്റ് ആയിരിക്കും അവസാന ദിനം നിര്‍ണായകം. സ്മിത്ത് വീണാല്‍ ഓസീസിനെ വീഴ്‌ത്താന്‍ പിന്നെ ഇന്ത്യയ്ക്ക് അധികം വിയര്‍ക്കേണ്ടിവരില്ല.

click me!