
ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് മിന്നും വിജയം. ജയദേവ് ഉനദ്കട്ടിന്‍റെ നായകമികവില്‍ കളത്തിലിറങ്ങിയ സൗരാഷ്ട്രയെ 46 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ എഴുതി ചേര്‍ത്തത്.
ഓപ്പണര്‍മാരായ വിഷ്ണു വിനോദ് 62 റണ്‍സോടെയും ജലജ് സക്സേന 33 റണ്‍സോടെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മിന്നുന്ന തുടക്കമാണ് കേരളത്തിന് ലഭിച്ചത്. പിന്നാലെയെത്തിയ നായകന്‍ സച്ചിന്‍ ബേബി 72 പന്തില്‍ 93 റണ്‍സ് അടിച്ചെടുത്ത് കേരളത്തെ വന്‍ സ്കോറിലേക്ക് നയിച്ചു.
വി.എ. ജഗദീഷ് (41), സഞ്ജു സാംസണ്‍ (30) എന്നിവരും സച്ചിന് മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍, ഏഴാമനായി കളത്തിലെത്തിയ അരുണ്‍ കാര്‍ത്തിക്കിന്‍റെ വെടിക്കെട്ടാണ് കേരളത്തിന്‍റെ സ്കോര്‍ 300 കടത്തിയത്. 14 പന്തില്‍ നിന്ന് 38 റണ്‍സ് അരുണ്‍ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയുടെ പോരാട്ടം 270 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും ഷെല്‍ഡന്‍ ജാക്സണും തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും ഇരുവരെയും പുറത്താക്കി ബേസില്‍ തമ്പി കളം നിറഞ്ഞു.
ചിരാഗ് ജാനി 66 റണ്‍സോടെയും സമാര്‍ഥ് വ്യാസ് 91 റണ്‍സോടെയും പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ കൊഴിഞ്ഞതോടെ നിശ്ചിത ഓവര്‍ തികയ്ക്കും മുമ്പ് പോരാട്ടം അവസാനിച്ചു. ബേസില്‍ തമ്പി നാല് വിക്കറ്റുകള്‍ പിഴുതപ്പോള്‍ കെ.സി. അക്ഷയ് മൂന്ന് വിക്കറ്റുകള്‍ തന്‍റെ പേരിലാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!