ബ്ലാസ്റ്റേഴ്സിന്‍റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പൊക്കി

By Web DeskFirst Published Dec 16, 2016, 11:42 AM IST
Highlights

കാക്കനാട്: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഫൈനലില്‍ കടന്നതിന്‍റെ സന്തോഷത്തില്‍ നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പൊക്കി. ഫൈനലിന് പന്തുരുളാന്‍ രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 1.46 ലക്ഷം രൂപ പിഴയടയ്ക്കാന്‍ വാഹന ഉടമയോട് മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. 

തൃപ്പൂണിത്തുറ സ്വദേശിയുടെ വോള്‍വോ ബസ് ആണ് ബ്‌ളാസ്‌റ്റേഴ്‌സ് താരങ്ങളുടെ കളിയുമായി ബന്ധപ്പെട്ട യാത്രയ്ക്ക് ഉപയോഗിക്കുന്നത്. പരസ്യ ഇനത്തില്‍ ഒരു രൂപ പോലും നല്‍കാതെ ഈ ആഡംബര ബസ് സമ്പൂര്‍ണ്ണമായി ടീമിന്‍റെ ഔദ്യോഗിക നിറവും പരസ്യവും നല്‍കുകയായിരുന്നു. 

ബസ്സിനു ചുറ്റും കളിക്കാരുടെ ചിത്രവും ടീമിന്‍റെയും അതിന്‍റെ സ്‌പോണ്‍സര്‍ മാരുടെയും പരസ്യമാണ് പതിച്ചിരിക്കുന്നത്. കൊച്ചിയില്‍ ടീം വന്നിറങ്ങുമ്പോള്‍ കൊണ്ടുപോകുന്നതും കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതും ഈ ബസിലാണ്. 

അതേസമയം ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനവകുപ്പിന്റെ അനുമതിയും നിശ്ചിത ശതമാനം നികുതിയും അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഈ ചട്ടങ്ങളൊന്നും ബസ് പാലിച്ചിട്ടില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇന്ത്യയില്‍ അതിവേഗം ഫുട്‌ബോള്‍ കമ്പം പടര്‍ത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് കഴിഞ്ഞ ദിവസം ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനലില്‍ കടന്നിരുന്നു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച കൊല്‍ക്കത്ത അത്‌ലറ്റിക്കോ ഡി ആണ് എതിരാളികള്‍.

click me!