കാത്തിരിപ്പിനൊടുവില്‍ മഞ്ഞപ്പടയുടെ നായകനെ പ്രഖ്യാപിച്ചു

By Web DeskFirst Published Nov 16, 2017, 4:44 PM IST
Highlights

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സന്ദേശ് ജിങ്കന്‍ നയിക്കും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഛണ്ഡിഗഡ്  താരമാണ് 24കാരനായ സന്ദേശ് ജിങ്കന്‍. ടീമിന്റെ ട്വിറ്റര്‍ പേജിലുടെയായിരുന്നു പ്രഖ്യാപനം. ഐഎസ്എല്ലിന്‍റെ തുടക്കം മുതലേ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സന്ദേഷ് ജിങ്കന്‍.

കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജേഴ്‌സി അണിഞ്ഞ താരവും ജിങ്കന്‍ തന്നെ.  41 മത്സരങ്ങളിലാണ് ജിങ്കന്‍ ഇതുവരെ ബൂട്ടു കെട്ടിയിട്ടുള്ളത്. ഇംഗ്ലീഷ് താരങ്ങളായ വെസ് ബ്രൗണ്‍, ബെര്‍ബറ്റോവോ എന്നിവര്‍ ക്യാപ്റ്റനാകുമെന്ന പ്രതീക്ഷയെ കടത്തിവെട്ടി കൊണ്ട് ജിങ്കനെ നായകനാക്കി ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ താരങ്ങളില്‍ ജിങ്കനായാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും അധികം തുക ചെലവഴിച്ചത്. 2020 വരെയാണ് ഇപ്പോള്‍ ജിങ്കന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ജിങ്കന്‍ തിരിച്ച് കൊച്ചിയിലെത്തിയത്.

ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടന ദിനമായ വെള്ളിയാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. റണ്ണേഴ്‌സ്അപ്പായ മഞ്ഞപ്പട നിലവിലെ ചാംപ്യന്‍മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് മത്സരിക്കുന്നത്. ഈ സീസണില്‍ കപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മലയാളി താരം സി കെ വിനീക് പറഞ്ഞു. കോച്ചായിരുന്ന റെനി മ്യൂലന്‍സ്റ്റിന്റെ കീഴില്‍ മികച്ച പരിശീലനമാണ് ടീമിന് ലഭിച്ചതെന്നും പാസുകള്‍ കുറച്ച് കളിയുടെ വേഗത കൂട്ടാനാണ് ശ്രമമെന്നും സി.കെ വിനീത് വ്യക്തമാക്കി.

click me!