ബ്രസീലിനെതിരെ ബൂട്ടണിഞ്ഞ ഫുട്ബോൾ താരവും കുടുംബവും ജപ്തിഭീഷണിയിൽ

By Web DeskFirst Published Jul 20, 2016, 5:02 AM IST
Highlights

ഇടുക്കി: സുബ്രതോ കപ്പിൽ ബ്രസീലിനെതിരെ ബൂട്ടണിഞ്ഞ ഫുട്ബോൾ താരവും കുടുംബവും ജപ്തിഭീഷണിയിൽ. മൂന്നാർ ആനച്ചാൽ സ്വദേശി വിഷ്ണുവാണ് സാമ്പത്തികപ്രാരാബ്ധത്താൽ ബുദ്ധിമുട്ടുന്നത്. ഒരുമാസത്തിനുള്ളിൽ ബാങ്കിൽ പണമടച്ചില്ലെങ്കിൽ വിഷ്ണുവിനും കുടുംബത്തിനും തെരുവിലേക്കിറങ്ങേണ്ടിവരും.
2014ൽ സുബ്രതോ കപ്പിൽ മലപ്പുറം എംഎസ്‌പി സ്കൂളിനെ പ്രതിനിധീകരിച്ച് ബ്രസീലിലെ ടീമിനെതിരെ കളിച്ച വിഷ്ണു. അന്ന് ഫൈനലിൽ ബ്രസീലിനോട് പൊരുതിത്തോറ്റെങ്കിലും ഇന്ത്യക്കും കേരളത്തിനും ഏറെ അഭിമാനം പകരാൻ വിഷ്ണുവിനും സംഘത്തിനും കഴിഞ്ഞിരുന്നു.

മൂന്നാറിലെ പിന്നോക്കമേഖലയായ ആനച്ചാലിൽനിന്ന് ഉയർന്നുവന്ന താരത്തിന് അന്ന് നാട്ടുകാരുടെയും സ്പോർട്സ് കൗൺസിലിന്റെയുമെല്ലാം സഹായവാഗ്ദ്ധാനങ്ങൾ ഏറെയുണ്ടായി. എന്നാൽ വിഷ്ണുവിന്റെ ഇന്നത്തെ അവസ്ഥ കാണുക. ഒന്നരവർഷം മുമ്പ് വരെ ഷെഡ്ഡിൽ കഴിഞ്ഞിരുന്ന കുടുംബം വീട് പണിയാനായി ആനച്ചാൽ കാർഷിക വികസന ബാങ്കിൽനിന്ന് വായ്പയെടുത്തു. വീടിന്റെ പണി പൂർത്തിയായില്ലെങ്കിലും പ്രായപൂർത്തിയായ സഹോദരിയുൾപ്പെടെ താമസം ഇങ്ങോട്ടേക്ക് മാറി. കൂലിപ്പണിക്കാരനായ അച്ഛൻ മനോജിന് പലപ്പോഴും തിരിച്ചടവ് മുടങ്ങി. ജപ്തിനോട്ടീസുമായി ബാങ്ക് അധികൃതർ കഴിഞ്ഞദിവസം വീട്ടിലെത്തി.

നിരവധി മെഡലുകൾ സ്വന്തമാക്കിയ വിഷ്ണുവിന് ഇവയൊന്നും സൂക്ഷിക്കാൻ പുതിയ വീട്ടിൽ തന്നെ സ്ഥലമില്ല. ഇതെല്ലാമായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന ആശങ്കയാണ് താരത്തിന്.പണമില്ലാത്തതിനാൽ വിഷ്ണുവിന്റെ സഹോദരി അപർണ്ണയുടെ പഠനവും നിലക്കാറായ അവസ്ഥ. ഇനി സഹായിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

 

click me!