
കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഹര്‍ത്താല്‍ ആശങ്കയില്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് 13നാണ് കേരളത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്ന് രണ്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത്.
ആദ്യ മത്സരത്തില്‍ ഗിനിയ, ജര്‍മനിയെ നേരിടുമ്പോള്‍ സ്പെയിന്‍, കൊറിയയെ നേരിടും. അഞ്ച് മണിക്കാണ് ആദ്യ മത്സരം, രണ്ടാം മത്സരം എട്ടു മണിക്കും. ആറ് മണി മുതല്‍ ആറ് മണിവരെയാണ് യുഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ ഗ്രൗണ്ടിലെത്തുക എന്നത് എളുപ്പമാകില്ല. ഇനി ഹര്‍ത്താലില്‍ നിന്ന് കൊച്ചിയെ മാത്രം ഒഴിവാക്കിയാലും മലപ്പുറം പോലെ ഫുട്ബോളിന് ഏറെ ആരാധകരുള്ള ജില്ലകളില്‍ നിന്നുള്ള ആരാധകര്‍ക്ക് കൊച്ചിയിലെത്തുക എളുപ്പമാവില്ല.
ഹര്‍ത്താല്‍ പ്രഖ്യാപിച്ച 13ന് മുമ്പുള്ള രണ്ട് ദിവസങ്ങളില്‍ കൊച്ചിയില്‍ മത്സരങ്ങളില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ച 13ന് ശേഷമുള്ള രണ്ട് ദിവസങ്ങളിലും കൊച്ചിയില്‍ മത്സരങ്ങളില്ല. എന്നാല്‍ കൃത്യമായി കൊച്ചിയില്‍ രണ്ട് മത്സരങ്ങളുള്ള ദിവസം തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഫു്ടബോള്‍ ആരാധകരും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ആരാധകരും ആരവവുമില്ലാതെയാവും ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തിയാവും ഈ രണ്ട് മത്സരങ്ങളും കൊച്ചിയില്‍ നടക്കുകയെന്ന് ചുരുക്കം. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനുള്ള ആരാധക പിന്തുണയുടെ പേരില്‍ ഫുട്ബോള്‍ ലോകം ശ്രദ്ധിച്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനാണ് ഈ ഗതികേട്. സുരക്ഷാ കാരണങ്ങളാല്‍ കൊച്ചിയിലെ കാണികളുടെ എണ്ണം 29000 ആയി പരിമിതപ്പെടുത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപനം കൂടി വന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
ലോകകപ്പ് പോലെ ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ടൂര്‍ണണെന്റ് നടക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. മാത്രമല്ല. ലോകകപ്പിന് എല്ലാവിധ പിന്തുണയും അറിയിക്കുകയും സന്നാഹത്തിന് മുന്നോടിയായി നടന്ന വണ്‍ മില്യണ്‍ ഗോള്‍ എന്ന പരിപാടിയില്‍ ഗോളടിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് ഹര്‍ത്താല്‍ പ്രഖ്യാപനവും നടത്തിയതെന്ന് മറ്റൊരു വിരോധാഭാസം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!