ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി കോടതി വിധി

By Web DeskFirst Published Aug 7, 2017, 2:02 PM IST
Highlights

കൊച്ചി: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഇനി ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് തടസ്സമില്ല. ഒത്തുകളി കേസ് കോടതി തള്ളിയതിനാല്‍ വിലക്ക് നിലനില്‍ക്കില്ല. ശ്രീശാന്തിനെ പോലെയൊരു കളിക്കാരനെ അധികകാലം മാറ്റിനിര്‍ത്താന്‍ കഴിയില്ല. ശ്രീശാന്തിനു വിലക്ക് ഏര്‍പ്പെടുത്തിയതുവഴി സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായി. 

കുറ്റവിമുക്തനാക്കിയ കോടതി വിധി ബി.സി.സി.ഐ വിലയ്ക്കെടുക്കണമായിരുന്നു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ബി.സി.സി.ഐയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്നും കോടതി വിലയിരുത്തി. സ്‌കോട്ടീഷ് ലീഗില്‍ കളിക്കുന്നതിനായാണ് ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. നേരത്തെ ശ്രീശാന്തിനെതിരായ കുറ്റപത്രം പട്യാല കോടതി റദ്ദാക്കിയിരുന്നു. 

ഇതേതുടര്‍ന്ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ബി.സി.സി.ഐയെ സമീപിച്ചിരുന്നു. എന്നാല്‍ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ കഴിയില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.  ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചാണ് ശ്രീശാന്തിന്‍റെ കരിയറിലെ സുപ്രധാനമായ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പി.യു ചിത്ര കേസില്‍ സുപ്രധാന ഇടപെടല്‍ നടത്തിയ ശേഷം കായിക മേഖലയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടാകുന്ന മറ്റൊരു നിര്‍ണായക വിധിയാണിത്.

അച്ചടക്ക നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു ബി.സി.സി.ഐയുടെ വാദം. ഇതില്‍ സിവില്‍ സ്വഭാവമുള്ള കേസുണ്ടെന്നും ബി.സി.സി.ഐ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഹമ്മദ് അസറുദ്ദീന്‍, അജയ് ജഡേജ എന്നിവരുടെ കേസുകളില്‍ കോടതികള്‍ ഇടപെട്ടത് ശ്രീശാന്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2013 സെപ്തംബറിലാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 

വിലക്ക് നീങ്ങിയതോടെ ബി.സി.സി.ഐ തലത്തിലുള്ള ഏതു മത്സരത്തിലും ശ്രീശാന്തിന് പങ്കെടുക്കാം. സുപ്രീം കോടതി നിയോഗിച്ച സമിതി ബിസിസിഐയുടെ തലപ്പത്ത് ഉള്ളതിനാല്‍ ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങാന്‍ തടസ്സമുണ്ടാകില്ലെന്ന് കരുതാം. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ആശ്വാസം തോന്നുന്നതായും ശ്രീശാന്ത് പ്രതികരിച്ചു. വിധി കേള്‍ക്കുന്നതിന് ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു

click me!