82 ലക്ഷം ചെലവിട്ടിട്ടും കടലാസില്‍ മാത്രം ഒതുങ്ങി അഴിമതിയുടെ നീന്തല്‍ക്കുളം

By Web DeskFirst Published Jun 13, 2016, 11:44 PM IST
Highlights

കോഴിക്കോട്: സ്പോര്‍ട്സ് കൗണ്‍സിലിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ തെളിവാണ് കോഴിക്കോട് നീന്തല്‍ക്കുള നിര്‍മ്മാണ പദ്ധതി. 82 ലക്ഷം രൂപ ചെലവിട്ടിട്ടും പദ്ധതി കടലാസില്‍ മാത്രം. നിര്‍മ്മാണം തുടങ്ങാത്ത ഈ പദ്ധതിക്ക് ഭൂമി വാടകയായി സര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്നത് 74,000 രൂപയാണ്. 1999 -2000 സാമ്പത്തിക വര്‍ഷത്തിലാണ് കേന്ദ്ര കായിക മന്ത്രാലയം കോഴിക്കോട് നീന്തല്‍കുള പദ്ധതിക്കായി 60 ലക്ഷം രൂപ നല്‍കുന്നത്. നിര്‍മ്മാണ ചുമതല ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനായിരുന്നു.

നീന്തല്‍ കുളം നിര്‍മ്മിക്കാന്‍ സംസ്ഥാന യുവജന ക്ഷേമ വകുപ്പ് 22 ലക്ഷം രൂപയും നല്‍കി.എന്നാല്‍ പതിനേഴ് വര്‍ഷം പിന്നിടുമ്പോഴും നീന്തല്‍ കുളത്തിന്റെ അവസ്ഥ ഇക്കാണുന്നതാണ്.നീന്തല്‍ കുളത്തിലെ വെള്ളം ശുദ്ധീകരിക്കാനുള്ള രണ്ട് ടാങ്കുകള്‍ ഇവിടെ കൊണ്ടിട്ടതല്ലാതെ മറ്റ് ജോലികളൊന്നും നടന്നില്ല.തുറമുഖ വകുപ്പില്‍ നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വാടകക്കെടുത്ത സ്ഥലമാണിത്.

അതിനാല്‍ വര്‍ഷം തോറും സര്‍ക്കാര്‍ എഴുപത്തിനാലായിരം രൂപ വാടകയും നല്‍കുന്നുണ്ട്.നടപ്പിലാവാത്ത പദ്ധതിക്കായാണ് സര്‍ക്കാര്‍ ഈ പണം ചെലവിടുന്നത്. അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്നത്തെ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.അഴിമതി നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.

അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ കുളത്തിന് അനുയോജ്യമല്ലാത്ത സ്ഥലത്താണ് പദ്ധതി തുടങ്ങാന്‍ നീക്കം നടന്നത്. സമുദ്ര തീരത്ത് ചട്ടങ്ങള്‍ ലംഘിച്ച് നീന്തല്‍ കുളം നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെ വിവാദമായ പദ്ധതി എന്നന്നേക്കുമായി മുടങ്ങി.

click me!