ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളോട് അവഗണന തുടരുന്നു

By Web DeskFirst Published Nov 23, 2016, 4:24 AM IST
Highlights

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ  കേരളത്തിന്റെ അഭിമാനമുയർത്തിയ താരങ്ങളുടെ സർക്കാർ ജോലിക്കായുള്ള കാത്തിരിപ്പ് തുടരുന്നു. താരങ്ങൾക്ക് വാഗ്ദാനം ചെയ്ത ജോലി കിട്ടിയത് എലിസബത്ത് സൂസൻ കോശിക്ക് മാത്രം.സ‍ർക്കാരിന്റെ പക്ഷപാത നടപടിയിൽ പ്രതിഷേധവുമായി ഒളിംപ്യൻമാർ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തി.

കഴിഞ്ഞ സർക്കാരാണ് ദേശീയ ഗെയിംസിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തത്. ഗസറ്റഡ് റാങ്കിൽ നാലുപേരുൾപ്പടെ 72 താരങ്ങളുടെ പട്ടികയും പുറത്തിറക്കി. ഇതനുസരിച്ച് ജോലികിട്ടിയത് ഷൂട്ടർ എലിസബത്ത് സൂസൻ കോശിക്ക് മാത്രം, അതും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് വാ‍ർത്തയെ തുടർന്ന്. സഹതാരത്തിന് ജോലി കിട്ടിയതിൽ സന്തോഷമുണ്ടെങ്കിലും,തങ്ങളുടെ ജോലി ഇപ്പോഴും കടലാസ്സിൽ ഒതുങ്ങിയതിന്റെ നിരാശയിലാണ് മറ്റ് താരങ്ങൾ.

എലിസബത്ത് സൂസൻ കോശിക്കൊപ്പം അനു രാഘവൻ ഒളിംപ്യൻമാരായ സജൻ പ്രകാശ്, അനിൽഡ തോമസ് എന്നിവർക്കാണ് ഗസറ്റഡ് റാങ്കിൽ ജോലിവാഗ്ദാനം ചെയ്തത്. സർട്ടിഫിക്കറ്റ് പരിശോധനകൾ കഴിഞ്ഞതിനാലാണ് പലതാരങ്ങളും മറ്റുസംസ്ഥാനങ്ങളുടെ ജോലി വാഗ്ദാനങ്ങൾ നിരസിച്ചത്. ഇനിയും അവഗണ തുടരുകയാണെങ്കിൽ കേരളം വിടുന്ന കാര്യം പരിഗണിക്കുമെന്നും താരങ്ങൾ പറയുന്നു. ഇതിന് മുൻപ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാനുള്ള ശ്രമത്തിലാണ് താരങ്ങൾ.

 

click me!