സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ട് സെലക്ടര്‍മാരുടെ നിലപാടാണ് ഗില്ലിന്‍റെ വഴിയടച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകനായ രാജീവ് മിശ്ര തന്‍റെ യുട്യൂബ് ചാനലില്‍ വെളിപ്പെടുത്തി.

മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില് വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്താന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോച്ച് ഗൗതം ഗംഭീറും പരമാവധി ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ട് സെലക്ടര്‍മാരുടെ നിലപാടാണ് ഗില്ലിന്‍റെ വഴിയടച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകനായ രാജീവ് മിശ്ര തന്‍റെ യുട്യൂബ് ചാനലില്‍ വെളിപ്പെടുത്തി.

ഗില്ലിനെ ടീമില്‍ നിലനിര്‍ത്താനായി ഗംഭീറിന്‍റെ പിന്തുണയോടെ അഗാര്‍ക്കര്‍ ശക്തമായി വാദിച്ചെങ്കിലും അഞ്ചംഗം സെലക്ഷന്‍ കമ്മിറ്റിയിലെ പുതിയ അംഗങ്ങളായ പ്രഗ്യാൻ ഓജയും ആര്‍ പി സിംഗും ഇതിനെ ശക്തമായി എതിര്‍ത്തു. സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ അജയ് രത്ര, ശിവ്സുന്ദര്‍ ദാസ് എന്നിവരിലൊരാളും ഗില്ലിനെ ടീമിലെടുക്കേണ്ടെന്ന നിലപാടിനെ അനുകൂലിച്ചു. ഇതോടെ ശക്തമായ വിയോജിപ്പുണ്ടായിട്ടും അഗാര്‍ക്കര്‍ക്ക് ഗില്ലിനെ ഒഴിവാക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് മുമ്പ് തന്നെ ആര്‍ പി സിംഗും പ്രഗ്യാൻ ഓജയും ഗില്ലിനെ തല്‍ക്കാലം ടി20 ടീമില്‍ എടുക്കേണ്ടെന്ന നിലപാടെടുത്തിരുന്നു. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ മറ്റൊരു സെലക്ടര്‍ കൂടി ഇവരുടെ നിലപാടിനോട് യോജിച്ചതോടെ ഭൂരിപക്ഷ അഭിപ്രായം നിര്‍ണായകമായി. ഇത്തരമൊരു എതിര്‍പ്പ് പ്രതീക്ഷിക്കാരുന്നതിനാലാണ് ടി20 ടീമില്‍ നിന്നൊഴിവാക്കുന്ന കാര്യം ഗില്ലിനെ നേരത്തെ അറിയിക്കാന്‍ അഗാര്‍ക്കര്‍ക്ക് കഴിയാതെ പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാ കപ്പ് മുതല്‍ ഇന്ത്യൻ ടി20 ടീമില്‍ വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തിയതോടെ മലയാളി താരം സഞ്ജു സാംസണ് ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറേണ്ടിവന്നിരുന്നു. പിന്നീട് സഞ്ജു പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്തായി. ഗില്‍ ഓപ്പണറായി തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മൂന്ന് കളികളിലും ഗില്‍ തന്നെയാണ് ഓപ്പണറായത്. നാലാം മത്സരത്തിന് മുമ്പ് ഗില്ലിന്‍റെ കാല്‍വിരലിന് പരിക്കേറ്റതിനാല്‍ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയെങ്കിലും മഞ്ഞുവീഴ്ച മൂലം മത്സരം നടന്നില്ല. പരമ്പരയിലെ അവസാന മത്സരത്തില്‍ ഗില്ലിന് പകരം പ്ലേയിംഗ് ഇലവനിലെത്തിയ സഞ്ജു സാംസണാകട്ടെ 22 പന്തില്‍ 37 റണ്‍സടിച്ച് തിളങ്ങുകയും ചെയ്തു. ഇതോടെയാണ് ഓപ്പണറായി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജുവിനെ തന്നെ ലോകകപ്പിലും ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമാക്കണമെന്ന് സെലക്ഷൻ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങള്‍ നിലപാടെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക