ഇന്ത്യയെ അപമാനിച്ച കെവിന്‍ ഡൂറന്റിന്റെ ഫേസ്ബുക് പേജില്‍ മലയാളികളുടെ പൊങ്കാല; മാപ്പുപറഞ്ഞ് ഡൂറന്റ്

By Web DeskFirst Published Aug 12, 2017, 5:43 PM IST
Highlights


വാഷിംഗ്ടണ്‍: ഇന്ത്യന്‍ ജനതയെയും രാജ്യത്തെയും അപമാനിച്ച അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം കെവിന്‍ ഡുറന്റിന്റെ ഫേസ്ബുക് പേജില്‍ മലയാളികളുടെ പൊങ്കാല. പിന്നാലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പുപറഞ്ഞ് ഡൂറന്റ് രംഗത്തെത്തി. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്നും ഇന്ത്യയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ മഹത്തരമായിരുന്നുവെന്നും ഡൂറന്റ് ട്വിറ്ററില്‍ കുറിച്ചു.

വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെങ്കിലും അത്തരം വാക്കുകള്‍ താന്‍ ഉപയോഗിക്കരുതായിരുന്നുവെന്നും കുറച്ചുകൂടി നല്ല പദങ്ങള്‍ ഉപയോഗിക്കാമായിരുന്നുവെന്നും ഡൂറന്റ് പറഞ്ഞു. അവിടേക്ക് പോകുമ്പോള്‍ എനിക്കുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെക്കുറിച്ചും യഥാര്‍ഥത്തില്‍ ഡല്‍ഹിയില്‍ കണ്ട കാഴ്ചകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് ആ രാജ്യത്തിനെതിരെ എന്ന രീതിയില്‍ മാറിപ്പോയി. സംഭവത്തില്‍ മാപ്പു പറയുന്നുവെന്നും കൂടുതല്‍ ബാസ്കറ്റ് ബോള്‍ ക്യാംപുകള്‍ നടത്താന്‍ ഇന്ത്യയിലേക്ക് വീണ്ടും വരുമെന്നും ഡ്യൂറന്റ് പറഞ്ഞു.

pic.twitter.com/g54w3TtAoH

— Kevin Durant (@KDTrey5) August 11, 2017

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടുത്തിടെ ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് ഡൂറന്റ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് പറഞ്ഞ ഡൂറന്റ് അനുഭവത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ ഇന്ത്യ 20 വര്‍ഷം പിന്നിലാണെന്നും പരിഹസിച്ചിരുന്നു.

ഒരു പ്രതീക്ഷയുമില്ലാതെയാണ് ഇന്ത്യയിലേക്ക് പോയത്. ഇന്ത്യ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു മുന്‍ധാരണയുമില്ലായിരുന്നു. അവിടെയെത്തിയപ്പോഴാണ് അവരുടെ സംസ്കാരത്തെക്കുറിച്ചും എത്ര മോശപ്പെട്ട രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്നതിനെക്കുറിച്ചുമെല്ലാം തിരിച്ചറിയാനായത്. അറിവിന്റെയും അനുഭവത്തിന്റെയും കാര്യത്തില്‍ രണ്ട് ദശകമെങ്കിലും പിന്നിലാണ് ആ രാജ്യം.

അവിടുത്തെ തെരുവുകളില്‍ എപ്പോഴും പശുക്കള്‍ അലഞ്ഞുതിരിയുന്നത് കാണാം. കുരങ്ങന്‍മാര്‍ എല്ലായിടത്തും ഓടിനടക്കുന്നുണ്ടാകും. പാതയോരത്ത് നൂറുകണക്കിനാളുകള്‍ എപ്പോഴും തിങ്ങിനിറഞ്ഞുണ്ടാകും. ലക്ഷക്കണക്കിന് കാറുകള്‍ തലങ്ങും വിലങ്ങും പായുന്നുണ്ടാവും. ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാവുകയേ ഇല്ല.  ബാസ്കറ്റ് ബോള്‍ എങ്ങനെയാണ് കളിക്കുകയെന്ന് അറിയാന്‍ താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

ഇതൊക്കെയാണെങ്കിലും ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡുറന്റ് പറഞ്ഞു. 500 വര്‍ഷം മുമ്പ് നിര്‍മിച്ച താജ്മഹല്‍ മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. പക്ഷെ തെരവുകളിലേക്ക് പോയാല്‍, തെരുവു നായകളും അലഞ്ഞുതിരിഞ്ഞു പശുക്കളും പാതി പൂര്‍ത്തിയായ വീടുകളില്‍ താമസിക്കുന്ന ആളുകളും വാതിലും ജനാലകളുമില്ലാത്ത വീടുകളും എല്ലാമാണുള്ളതെന്നും ഡുറന്റ് പറഞ്ഞു. അമേരിക്കയിലെ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിലൊരാളാണ് ഡൂറന്റ്.

click me!