ഇംഗ്ലണ്ടിനുവേണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കും: പീറ്റേഴ്‌സണ്‍

By gopala krishananFirst Published Apr 10, 2016, 5:32 AM IST
Highlights

മുംബൈ: ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പടിക്ക് പുറത്തായെങ്കിലും ജന്‍മനാടിനുവേണ്ടി ടെസ്റ്റില്‍ കളിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കെവിന്‍ പീറ്റേഴ്സണ്‍ ഇപ്പോള്‍. ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ടെസ്റ്റ് കളിക്കാനാകുമെന്ന പ്രതീക്ഷ പീറ്റേഴ്സണ്‍ പങ്കുവെച്ചത്. 2013-2014 ആഷസ് പരമ്പരയിലാണ് പീറ്റേഴ്സണ്‍ അവസാനമായി ഇംഗ്ലണ്ടിനുവേണ്ടി കളിച്ചത്. അതിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാത്ത പീറ്റേഴ്സണ്‍ പക്ഷെ ട്വന്റി-20 ലീഗുകളില്‍ സജീവമാണ്.

പത്തുവര്‍ഷം ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള പീറ്റേഴ്സണ് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കണമെങ്കില്‍ 2018വരെ കാത്തിരിക്കണം. അപ്പോള്‍ പീറ്റേഴ്സണ് 37 വയസാകും. എന്നാലും ജന്‍മനാടിനുവേണ്ടി കളിക്കാന്‍ അവസരം ലഭിച്ചാല്‍ നഷ്ടമാക്കില്ലെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കാനാവുമോ എന്ന് ഉറപ്പില്ലെങ്കിലും അത് തനിക്കുമുന്നിലുള്ള ഒരു സാധ്യതയാണെന്ന് പീറ്റേഴ്സണ്‍ വ്യക്തമാക്കി.

രാജ്യാന്തര ക്രിക്കറ്റില്‍ ഒരുപാട് മത്സരങ്ങള്‍ തനിക്ക് നഷ്ടമായെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. താന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ടെന്നും കഠിനമായി പരിശീലിക്കുന്നുണ്ടെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനായി പത്തുവര്‍ഷത്തോളം നൂറോളം ടെസ്റ്റുകള്‍ കളിക്കാനായതില്‍ താന്‍ ഭാഗ്യവാനാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

click me!