ഫീൽഡിംഗിലെ പിഴവുകൾ മാറ്റിനിർത്തിയാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും ആശങ്കയൊന്നുമില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിൽ.
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. അഞ്ച് മത്സര പരമ്പരയിൽ വിശാഖപട്ടണത്ത് നടന്ന ആദ്യ രണ്ട് കളികളിലും ആധികാരിക ജയം നേടിയ ഇന്ത്യ തുടർച്ചയായ മൂന്നാം ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് കാര്യവട്ടത്ത് ഇറങ്ങുന്നത്. അതേസമയം, പരമ്പരയിൽ ജീവന്‍ നിലനിർത്താൻ ജയം അനിവാര്യമെന്ന സമ്മർദത്തിലാണ് ശ്രീലങ്ക.
ഫീൽഡിംഗിലെ പിഴവുകൾ മാറ്റിനിർത്തിയാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും ആശങ്കയൊന്നുമില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിൽ. ക്യാപ്റ്റൻ ഹർമൻപ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. മധ്യനിരയിൽ വെടിക്കെട്ട് ബാറ്റിംഗുമായി റിച്ച ഘോഷും തിളങ്ങും. നേരിയ പരിക്ക് കാരണം പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും ജമീമ റോഡ്രിഗ്സ് ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷ. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി റിച്ച തന്നെയാകും കളത്തിലിറങ്ങുക. ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ അഭാവത്തിലും സ്നേഹ് റാണ, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ഇന്ത്യയ്ക്ക് കരുത്തേകുന്നു.
നല്ല തുടക്കം കിട്ടുന്നുണ്ടെങ്കിലും ബാറ്റർമാർ ക്രീസിൽ ഉറയ്ക്കാത്തതാണ് ലങ്കയുടെ പ്രതിസന്ധി. ബൗളർമാർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. ചമരി അത്തപ്പത്തു നയിക്കുന്ന ലങ്കൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. അത്തപ്പത്തുവിനൊപ്പം ഹർഷിത സമരവിക്രമ, ഇനോക രണവീര എന്നിവരുടെ പ്രകടനമാകും ലങ്കയ്ക്ക് നിർണായകമാവുക. കാര്യവട്ടം വേദിയാവുന്ന ആദ്യ വനിതാ ടി20യാണിത്.
പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങൾക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തന്നെയാണ് വേദിയാവുന്നത്. 28, 30 തീയതികളിലാണ് അവസാന രണ്ട് മത്സരങ്ങൾ.സംസ്ഥാനത്ത് ആദ്യമായി ഒരു അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ കായിക ലോകം.


