
വിശാഖപട്ടണം: ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെന്ന ശക്തമായ നിലയിലാണ്. 151 റണ്‍സുമായി കൊഹ്‌ലിയും ഒരു റണ്ണോടെ അശ്വിനും ക്രീസില്‍.
ടോസിലെ ഭാഗ്യം കനിഞ്ഞപ്പോള്‍ സ്പിന്നര്‍മാരെ കൈവിട്ട് സഹായിക്കുമെന്ന് കരുതുന്ന പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ കൊഹ്‌ലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍ ആശിച്ച തുടക്കമല്ല ഇന്ത്യക്ക് കിട്ടിയത്. ഗംഭീറിന് പകരം ഓപ്പണറായി മടങ്ങിയെത്തിയ കെ എല്‍ രാഹുല്‍ രണ്ടാം ഓവറില്‍ പൂജ്യനായി മടങ്ങി. ബ്രോഡിനായിരുന്നു വിക്കറ്റ്.
നന്നായി തുടങ്ങിയ മുരളി വിജയ്(20) ആന്‍ഡേഴ്സന്റെ ബൗണ്‍സറിന് മുന്നില്‍ തലകുനിച്ചപ്പോള്‍ ഇന്ത്യ 22/2 എന്ന നിലയില്‍ പരുങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പൂജാരയ്ക്ക് കൂട്ടായി കൊഹ്‌ലി എത്തിയതോടെ ഇന്ത്യ പതുക്കെ പിടിച്ചുകയറി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 226 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലായി.
തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ചുറി നേടിയ പൂജാര(119)യെ ചായക്ക് ശേഷം മടക്കി ആന്‍ഡേഴ്സന്‍ ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. 184 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്സറും പറത്തിയാണ് പൂജാര ടെസ്റ്റിലെ പത്താം സെഞ്ചുറിയിലേക്കെത്തിയത്. പിന്നീട് രഹാനെയെ കൂട്ടുപിടിച്ച് കൊഹ്‌ലി ഇന്ത്യയെ 300 കടത്തി. ഇതിനിടെ കൊഹ്‌ലി ടെസ്റ്റിലെ പതിനാലാം സെഞ്ചുറി പൂര്‍ത്തിയാക്കി. 154 പന്തില്‍ 12 ബൗണ്ടറികള്‍ സഹിതമാണ് കൊഹ്‌ലി മൂന്നക്കം തികച്ചത്.
എന്നാല്‍ കളി തീരാന്‍ രണ്ടോവര്‍ ബാക്കിയിരിക്കെ പുതിയ പന്തെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റ തന്ത്രം ഫലിച്ചു. രഹാനെയെ(23) ആന്‍ഡേഴ്സന്‍ ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ അശ്വിനും കൊഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരത്ത് എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!