ഗാംഗുലിയെയും ധോനിയെയും മറികടന്ന് കൊഹ്‌ലി

By Web DeskFirst Published Oct 8, 2016, 2:18 PM IST
Highlights

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പതിമൂന്നാം സെഞ്ചുറികുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പിന്നിട്ടത് ഒരുപിടി റെക്കോര്‍ഡുകള്‍. ക്യാപ്റ്റനെന്ന നിലയില്‍ ആറാം സെഞ്ചുറിയാണ് കൊഹ്‌ലി ന്യൂസിലന്‍ഡിനെതിരെ നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടുള്ള സൗരവ് ഗാംഗുലിയെയും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെയും മഹേന്ദ്ര സിംഗ് ധോനിയെയയുമാണ് കൊഹ്‌ലി ഇന്ന് മറികടന്നത്. സുനില്‍ ഗവാസ്കര്‍(11), മുഹമ്മദ് അസ്ഹറുദ്ദീന്‍(9), സച്ചിന്‍(6) എന്നിവരാണ് ഇനി കൊഹ്‌ലിയുടെ മുന്നിലുള്ളവര്‍.

2003ലാണ് അവസാനമായി ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ നായകന്‍ സെഞ്ചുറി നേടിയത്. അഹമ്മദാബാദില്‍ സൗരവ് ഗാംഗുലി നേടിയ 100 റണ്‍സിനുശേഷം ഇന്നാണ് ഒരു ഇന്ത്യന്‍ നായകന്‍ കീവിസിനെതിരെ മൂന്നക്കം കടക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യക്കെതിരെ നാല് കീവീസ് നായകന്‍മാര്‍ സെഞ്ചുറി നേടിയിട്ടുണ്ട്.

അര്‍ധ സെഞ്ചുറികളില്‍ 52 ശതമാനവും സെഞ്ചുറിയാക്കി മാറ്റിയ ബാറ്റ്‌സ്മാന്‍ കൂടിയാണ് കൊഹ്‌ലി. 25 തവണ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ അതില്‍ 13ഉം സെഞ്ചുറിയാക്കി മാറ്റാന്‍ കൊഹ്‌ലിക്കായി. ടെസ്റ്റില്‍‍ 10 സെഞ്ചുറികളില്‍ കൂടുതല്‍ നേടിയിട്ടുള്ള 121 കളിക്കാരില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനും(69.04%), ജോര്‍ജ് ഹാഡ്‌ലി(66.67%)യ്ക്കും മാത്രമാണ് കൊഹ്‌ലിയേക്കാള്‍ കൂടുതല്‍ പരിവര്‍ത്തന നിരക്കുള്ളവര്‍.

click me!