കോലിയുടെ ഈ 5 തീരുമാനങ്ങള്‍ പരമ്പര കൈവിടാൻ കാരണമായി

By Web DeskFirst Published Jan 29, 2018, 4:09 PM IST
Highlights

ജൊഹാനസ്ബര്‍ഗ് ടെസ്റ്റിൽ ജയിച്ചതോടെ ഇന്ത്യയ്‌ക്ക് ആശ്വാസമായി ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര മാറി. ആദ്യ രണ്ടു മൽസരങ്ങളും തോറ്റതോടെയാണ് ഇന്ത്യയ്‌ക്ക് പരമ്പര അടിയറവെയ്‌ക്കേണ്ടിവന്നത്. നായകനെന്ന നിലയിൽ ഇന്ത്യയെ നന്നായി നയിച്ചുവന്നിരുന്ന വിരാട് കോലിയുടെ ചില തെറ്റായ തീരുമാനങ്ങളും ഇന്ത്യയുടെ തോൽവിക്ക് ആക്കം കൂട്ടി. അത്തരത്തിൽ കോലിയുടെ തെറ്റായ 5 തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1 ആദ്യ ടെസ്റ്റിൽ രാഹുലിന് പകരം ധവാനെ കളിപ്പിച്ചത്...

ഇന്ത്യൻ മണ്ണിൽ ടെസ്റ്റിലും ഏകദിനത്തിലും ഓപ്പണര്‍ എന്ന നിലയിൽ മികച്ച റെക്കോര്‍ഡാണ് ധവാനുള്ളത്. എന്നാൽ വിദേശത്തെ റെക്കോര്‍ഡ് മോശവുമാണ്. ഈ സാഹചര്യത്തിൽ വിദേശത്ത് മികവ് കാട്ടിയിട്ടുള്ള കെ എൽ രാഹുലിന് ആദ്യ ടെസ്റ്റിൽ അവസരം നൽകുകയായിരുന്നു വേണ്ടിയിരുന്നതെന്ന് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നു.

2, രഹാനെയ്ക്ക് പകരം രോഹിത് ശര്‍മ്മയെ കളിപ്പിച്ചത്...

ആദ്യ രണ്ടു ടെസ്റ്റുകളിൽ മികച്ച സാങ്കേതികത്തികവുള്ള ആജിന്‍ക്യ രഹാനയെ പുറത്തിരുത്തി രോഹിത് ശര്‍മ്മയെ കളിപ്പിക്കാനുള്ള കോലിയുടെ തീരുമാനം പാളിപ്പോയിരുന്നു. വിദേശത്തെ റെക്കോര്‍ഡ് കൂടി പരിഗണിച്ച് രഹാനെയെ കളിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ബൗണ്‍സ് പന്തുകള്‍ കളിക്കാനുള്ള രോഹിത് ശര്‍മ്മ ന്യൂനത ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെടുക മാത്രമാണ് ഉണ്ടായത്.

3, സെഞ്ചൂറിയനിൽ ഭുവനേശ്വറിന് പകരം ഇഷാന്തിനെ കളിപ്പിച്ചത്...

സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിൽ പിച്ചിലെ പേസ് ആനുകൂല്യം മുതലാക്കാൻ ഉയരകൂടുതലുള്ള ഇഷാന്തിനെ കളിപ്പിക്കാനുള്ള കോലിയുടെ തീരുമാനവും പാളിപ്പോകുകയായിരുന്നു. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വറിനെ ഒഴിവാക്കിയത് വലിയ മണ്ടത്തരമാണെന്ന് വീരേന്ദര്‍ സെവാഗ് ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

4, സന്നാഹമൽസരങ്ങള്‍ കളിക്കേണ്ടെന്ന തീരുമാനം...

ആദ്യ ടെസ്റ്റിന് ഒരാഴ്‌ച മുമ്പ് മാത്രമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. സന്നാഹമൽസരങ്ങള്‍ കളിക്കേണ്ടതില്ലെന്ന നിലപാടാണ് ആദ്യം മുതൽക്കേ ടീമിനുണ്ടായിരുന്നത്. ഇതിന് പിന്നിൽ നായകൻ വിരാട് കോലിയും പരിശീലകൻ രവിശാസ്‌ത്രിയുമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളുമായി ഇഴുകിച്ചേരുന്നതിനുള്ള അവസരമാണ് ഈ മണ്ടൻ തീരുമാനത്തിലൂടെ ഇന്ത്യൻ ടീം നഷ്‌ടപ്പെടുത്തിയത്.

5, രണ്ടുവിക്കറ്റെടുത്ത ഉടൻ ബൂംറയെ എന്തിന് പിൻവലിച്ചു...

വിക്കറ്റെടുത്ത് നന്നായി പന്തെറിയുന്ന ബൗളറെ പെട്ടെന്ന് മാറ്റി മറ്റൊരാളെ കൊണ്ടുവരുന്നത് ക്രിക്കറ്റിൽ ബുദ്ധിപൂര്‍വ്വമായ നീക്കമല്ല. എന്നാൽ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് ഓവര്‍ മാത്രം പൂര്‍ത്തിയായപ്പോള്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ബൂംറയെ കോലി പിൻവലിച്ചു. തുടര്‍ച്ചയായ രണ്ടു ഓവറുകളിൽ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ ഉടനെയാണ് ബൂംറയെ പിൻവലിച്ചത്. ഈ സമയം ക്രീസിലുണ്ടായിരുന്ന എബിഡിവില്ലിയേഴ്‌സ് കൂടുതൽ ആധികാരികതയോടെ ഇന്ത്യൻ ബൗളര്‍മാരെ നേരിടുകയും 80 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് മുൻതൂക്കം നേടിക്കൊടുക്കുകയും ചെയ്തു.

click me!