അരങ്ങേറ്റം ഗംഭീരമാക്കി കുല്‍ദീപ്; ഓസീസ് 300ന് പുറത്ത്

By Web DeskFirst Published Mar 25, 2017, 11:23 AM IST
Highlights

ധര്‍മശാല: സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തകര്‍ത്തടിച്ചപ്പോള്‍ കളി കൈവിട്ട ഇന്ത്യയെ അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യദിനം 300 റണ്‍സിന് ഓള്‍ ഔട്ടായി. ഓസീസിനായ നായകന്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയപ്പോള്‍ ഡേവിഡ് വാര്‍ണറും മാത്യു വെയ്ഡും അര്‍ധ സെഞ്ചുറി നേടി. നാലു വിക്കറ്റ് വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആദ്യ ദിനം ഒരോവര്‍ ബാറ്റ് ചെയ്ത ഇന്ത്യ റണ്‍സൊന്നും നേടിയില്ല.

കോലി കളിക്കില്ലെന്ന് ഉറപ്പായതോടെ പടയ്ക്കു മുമ്പേ തോറ്റ അവസ്ഥയിലായി ഇന്ത്യ.ടോസിലെ ഭാഗ്യവും ഓസീസിനായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവറിലെ ആദ്യപന്തില്‍ തന്നെ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ നല്‍കിയ ക്യാച്ച് മലയാളി താരം കരുണ്‍ നായര്‍ സ്ലിപ്പില്‍ കൈവിട്ടുക കൂടി ചെയ്തതോടെ ഇന്ത്യ ശരിക്കും തളര്‍ന്നു. മാറ്റ് റെന്‍ഷായെ(1) ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ചെറിയൊരു ആശ്വാസം നല്‍കിയെങ്കിലും സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തകര്‍ത്തടിച്ചതോടെ കളി ഇന്ത്യയുടെ കൈവിട്ടു. ലഞ്ചിന് മുമ്പ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സിലെത്തി ഓസീസ് ഡ്രൈവിംഗ് സീറ്റിലെത്തി.

എന്നാല്‍ ലഞ്ചിനുശേഷം കുല്‍ദീപ് യാദവ് എന്ന 23കാരന്‍ ചൈനാമാന്‍ സ്പിന്നര്‍ ഓസീസ് മുന്നേറ്റത്തിന് ചുവപ്പു സിഗ്നലിട്ടു. ആദ്യം വാര്‍ണറെ(57) വീഴ്‌ത്തി.  പിന്നാലെ അവസരത്തിനൊത്തുയര്‍ന്ന ഉമേഷ് യാദവ് ഷോണ്‍ മാര്‍ഷിനെ(4)സാഹയുടെ കൈകളിലെത്തിച്ചു. അതിനുശേഷം ഓസീസിന്റെ നടുവൊടിച്ച് ഹാന്‍ഡ്സ്കോമ്പിനെയും(8), മാക്സ്‌വെല്ലിനെയും(8) ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് യാദവ് കളിയുടെ കടിഞ്ഞാണ്‍ ഇന്ത്യയ്ക്ക് നല്‍കി. ആ തിരിച്ചടിയില്‍ നിന്ന് പിന്നീടൊരിക്കലും ഓസീസ് കരകയറിയില്ല. ഇതിനിടെ ഇന്ത്യയ്ക്കെതിരെ പതിവ് ഫോം തുടര്‍ന്ന സ്മിത്ത് സെഞ്ചുറിയിലേക്കെത്തി. സ്മിത്തിന് വിട്ട് മറ്റ് ബാറ്റ്സ്മാന്‍മാരെ പടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിന്റെ മുന്നേറ്റം തടഞ്ഞു. 144/1ല്‍ നിന്ന് 178/5 ലേക്ക് വീണ ഓസീസിനെ ഞെട്ടിച്ച് സ്മിത്തിനെ(111) അശ്വിന്‍ വീഴ്ത്തി.

വാലറ്റക്കാരന്‍ പാറ്റ് കമിന്‍സിനെ(21) കൂട്ടുപിടിച്ച് മാത്യു വെയ്ഡ്(57) നടത്തിയ പോരാട്ടം ഓസീസിനെ 300ന് അടുത്തെത്തിച്ചു. ആദ്യ ദിനം തന്നെ 400 റണ്‍സടിക്കുമെന്ന് തോന്നിച്ച ഓസീസ് ഇന്നിംഗ്സ് 300 രണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 68 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് രണ്ടും അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീ‌ഴ്‌ത്തി.

 

 

click me!