വര്‍ഷാന്ത്യമല്ല, ഫുട്ബോളില്‍ ഇത് യുഗാന്ത്യം

By Web DeskFirst Published Dec 28, 2017, 2:44 PM IST
Highlights

ലോകത്തിന്‍റെ കണ്ണീര്‍ നിറച്ച തുകല്‍ പന്തിന്‍റെ പേരാണ് ഫുട്ബോള്‍. 2017ന് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ മൈതാനത്ത് അപ്രത്യക്ഷമാകുന്നത് അതില്‍ നീരാടിയ ചില സുവര്‍ണ മത്സ്യങ്ങളാണ്. തുകല്‍ പന്തില്‍ തങ്ങളുടെയും ലോകത്തിന്‍റെ കണ്ണീര്‍ നിറച്ച് ബൂട്ടഴിച്ചവര്‍‍. ഗോളടിച്ചും ഗോളടിപ്പിച്ചും ഗോള്‍ തടുത്തും മൈതാനം നിറഞ്ഞ യുഗപുരുഷര്‍ മടങ്ങിയിരിക്കുന്നു. ഫുട്ബോളിന്‍റെ കാല്‍പനിക സൗന്ദര്യത്തിന് പന്തടക്കം കൂട്ടിയവര്‍ മടങ്ങുമ്പോള്‍ അതിനെ യുഗാന്ത്യം എന്നേ വിളിക്കാനാകൂ. 

1.ജിയാലുഗി ബുഫണ്‍

ചോരാത്ത കൈകളുടെ മറുവാക്കായിരുന്നു ഇറ്റാലിയന്‍ ഇതിഹാസം ജിയാലുഗി ബുഫണ്‍. ലോകം കണ്ട എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാള്‍‍. 2006ല്‍ ഫ്രാന്‍സിനെതിരെയുള്ള ഇറ്റലിയുടെ വിഖ്യാത ഫൈനലില്‍ ഫ്രഞ്ച് നായകന്‍ സിനദീന്‍ സിദാന്‍റെ ശരവേഗത്തിലുള്ള ഹെഡര്‍ തട്ടിയകറ്റിയ മഹാമേരു‍‍. ആയിരത്തിലധികം മത്സരങ്ങളിലായി ആ കൈക്കരുത്ത് ഇറ്റലിയെയും ജുവന്‍റസിനെയും പര്‍മയെയും കാത്തു. അഞ്ച് ലോകകപ്പുകളും പ്രഫഷണല്‍ ഫുട്ബോളില്‍ 1000ത്തിലധികം മത്സരവും കളിച്ചു. എന്നാല്‍ 2018ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാതെ കളം വിടുമ്പോള്‍ ബുഫണിനൊപ്പം കാല്‍പന്തുകളിയെ കാല്‍പനികമാക്കിയ കൈക്കരുത്താണ് ചരിത്രത്തിലേക്ക് മറയുന്നത്.

2.ആന്ദ്രേ പിര്‍ലോ

ഇറ്റാലിയന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ആന്ദ്രേ പിര്‍ലോ. ഫുട്ബോള്‍ മൈതാനത്തെ കലാകാരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിളിപ്പേര്. ലോകം കണ്ട എക്കാലത്തെയും മികച്ച പ്ലേമേക്കര്‍മാരില്‍ ഒരാളും ഫ്രീ കിക്ക് വിദഗ്ധനുമായിരുന്നു. 2006ല്‍ ഇറ്റലിയെ ലോകചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പിര്‍ലോ, എസി മിലാന്‍, യുവന്റസ് ടീമുകളുടെ താരമായിരുന്നു. മുപ്പത്തിയെട്ടുകാരനായ പിര്‍ലോ ഇറ്റലിക്ക് വേണ്ടി 116 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കരിയറിലാകെ 948 മത്സരങ്ങള്‍ കളിച്ച ഈ പ്ലേമേക്കര്‍ 111 ഗോളുകളും 19 ട്രോഫികളും സ്വന്തമാക്കി. സെറ്റ്പീസുകള്‍ കൊണ്ട് മൈതാനത്ത് കളംവരച്ചാണ് പിര്‍ലേ വിടവാങ്ങിയത്.

3.കക്ക

റൊണാള്‍ഡോയും റൊണാള്‍ഡിഞ്ഞോയും റൊമാരിയയും ബൂട്ടണിഞ്ഞ ബ്രസീലിയന്‍ വസന്തകാലത്തെ വെള്ളക്കടുവയായിരുന്നു കക്ക. കരിയറിന്‍റെ ആദ്യ കാലത്ത് പെലെയോട് സാമ്യപ്പെടുത്തിയായിരുന്നു കളിയരങ്ങുകളില്‍ കക്കയെക്കുറിച്ചുള്ള ചര്‍ച്ച. 2002 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. 2002 മുതല്‍ 2016 വരെ നീണ്ട ബ്രസീല്‍ കരിയറില്‍ 92 തവണ രാജ്യത്തിനു വേണ്ടി ബൂട്ടണിഞ്ഞ് 29 ഗോളുകള്‍ നേടി. എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ വന്‍കിട ക്ലബുകളുടെ സുവര്‍ണ താരമായി. മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മുമ്പ് ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയത് കക്കയായിരുന്നു. ശരവേഗവും ഡ്രിബ്ലിംഗ് പാടവവും നിറഞ്ഞ കളിയഴകാണ് കക്ക മൈതാനത്ത് ബാക്കിയാക്കിയത്.

4.റൂണി
ലാറ്റിനമേരിക്കയ്ക്കു പുറത്തെ ആദ്യ പെലെയായിരുന്നു വെയ്ന്‍ റൂണി. മുന്നേറ്റതാരത്തിനു വേണ്ട വേഗതയും സ്കില്ലും കരുത്തും ഇഴചേര്‍ന്ന ഫുട്ബോളിലെ ടോട്ടല്‍ പാക്കേജ്. ഇംഗ്ലണ്ടിനായും മാഞ്ചസ്റ്ററിനായും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തം. ലോകകപ്പ് ഒഴികെയുള്ള പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ഇതിഹാസം. യുണൈറ്റഡിലും എവര്‍ട്ടണിലുമായി 272 ഗോളുകളാണ് വെയ്ന്‍ റൂണി അടിച്ചുകൂട്ടിയത്. 119 മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞ വാസ 53 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി വിവിധ ലീഗുകളില്‍ വാസ അടിച്ചു കൂട്ടിയത് 250 ഗോളുകളാണ്. ആരാധര്‍ക്ക് നൂറ്റാണ്ടിലെ ഗോള്‍ സമ്മാനിച്ചാണ് റൂണി മടങ്ങിയത്.

5.ആര്യന്‍ റോബന്‍

ഇടംങ്കാല്‍ കൊണ്ട് ബുളളറ്റ് വേഗതയില്‍ മിന്നല്‍പ്പിണര്‍ പോലെ വളഞ്ഞ ഗോളുകളായിരുന്നു റോബന്‍ സ്‌‌പെഷല്‍. ചീറ്റപ്പുലിയുടെ ശരവേഗവും കണിശതയാര്‍ന്ന പാസുകളും ഇടംകാലിന്റെ വന്യമായ കരുത്തും ചേര്‍ന്ന ഓറഞ്ച് സൂര്യന്‍‍. 14 വര്‍ഷത്തെ കരിയറില്‍ 2006, 2010, 2014 വര്‍ഷങ്ങളിലായി മൂന്ന് ലോകകപ്പുകളില്‍ കളിച്ചു. 96 മത്സരങ്ങളില്‍ നിന്ന് 37 തവണ ദേശീയടീമിനായി വലകുലുക്കി. 2010 ലോകകപ്പിലെ കലാശക്കളിയില്‍ എക്‌സ്ട്രാ ടൈമില്‍ സ്‌പെയിനോട് പരാജയപ്പെട്ട റോബനും സംഘവും 2014 ലോകകപ്പില്‍ അതേ ടീമിനെ തകര്‍ത്താണ് പടയോട്ടം ആരംഭിച്ചത്. ലോക ഫുട്ബോളിലെ ശൗര്യം ചോരാത്ത ഓറഞ്ച് രശ്മിയായിരുന്നു റോബന്‍.

6.ടോട്ടി

ആരാധകരുടെ സ്വന്തം കിംഗ് ഓഫ് റോം. റോമാ സാമ്രാജത്വത്തിന്‍റെ ഫുട്ബോള്‍ പിന്‍ഗാമിയായാണ് ആരാധകര്‍ ടോട്ടിയെ കണക്കാക്കിയത്. ഇറ്റാലിയന്‍ ക്ലബ് റോമയുടെ ഇതിഹാസ താരമായിരുന്നു ഫ്രോന്‍സിസ്‌കോ ടോട്ടി. 25 വര്‍ഷം തുടര്‍ച്ചയായി റോമയില്‍ കളിച്ച് റെക്കോര്‍ഡിട്ടു. 2006 ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീമില്‍ അംഗമായിരുന്നു. 2007ല്‍ യുറോപ്പിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ പാദുകം സ്വന്തമാക്കി. പെലെ തെരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന 100 ഇതിഹാസ താരങ്ങളില്‍ ഒരാളായി ടോട്ടി. ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളെന്ന പേരെടുത്താണ് ടോട്ടി കളംവിട്ടത്.

7.ഫ്രാങ്ക് ലംപാര്‍ഡ്

അന്താരാഷ്ട്ര തലത്തിലും ക്ലബ് തലത്തിലുമായി 300ലധികം ഗോളുകള്‍ നേടിയ ഇതിഹാസ താരം. 21 വര്‍ഷത്തെ കരിയറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 607 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെ മികച്ച അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായി. ചെല്‍സിക്കായി 429 മത്സരങ്ങളില്‍ നിന്ന് 147 ഗോളുകള്‍ നേടി. ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരമെന്ന വിശേഷണത്തോടെയാണ് ക്ലബ് വിട്ടത്. ദേശീയ ടീമിനായി 106 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. കണിശതയാര്‍ന്ന പാസുകളും സൗന്ദര്യമാര്‍ന്ന ലോംഗ് റേഞ്ചറുകളും ബാക്കിയാക്കിയാണ് ലംപാര്‍ഡ് കളംവിട്ടത്. 


 

click me!