മെസിയുടെ ഗോളിനും ബാഴ്സയെ രക്ഷിക്കാനായില്ല

By Web DeskFirst Published Nov 2, 2016, 12:36 PM IST
Highlights

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബാഴ്സയെ ഞെട്ടിച്ചത്.ബാഴ്സയുടെ സ്വന്തം മൈതാനമായ നൂകാംപിലേറ്റ നാണം കെട്ട തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ സിറ്റിയുടെ മധുരം പ്രതികാരം കൂടിയായി ഈ ജയം. 21 ആം മിനിറ്റില്‍ ലയണല്‍ മെസിയുടെ ഗോളിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്.

എന്നാല്‍ ഇല്‍ക്കൈ ഗുണ്ടോഗാന്റെ ഇരട്ട പ്രഹരത്തിന് മുന്നില്‍ മെസിയും കൂട്ടരും പകച്ചു പോയി. 39 ആം മിനിറ്റിലായിരുന്നു സിറ്റിയുടെ സമനില ഗോള്‍ വീണത്. 51 ആം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയിനും 74 ആം മിനിറ്റില്‍ ഗുണ്ടോഗനും വല കുലുക്കിയോടെ പഴയ ശിക്ഷ്യന്‍മാര്‍ക്കെതിരെ പെപ് ഗാര്‍ഡിയോള നിറഞ്ഞ് ചിരിച്ചു. തോറ്റെങ്കിലും ഒമ്പത് പോയിന്റുള്ള ബാഴ്സ തന്നെയാണ് ഇപ്പോഴും ഗ്രൂപ്പ് സിയില്‍ മുന്നില്‍.

ഗ്രൂപ്പ് ഡിയില്‍ രണ്ടാമതുള്ള ബയേണ്‍ മ്യൂണിക്ക് ലെവന്‍ഡോവിസ്കിയുടെ ഇരട്ട ഗോള്‍ മികവില്‍ പി എസ് വി യെ തോല്‍പ്പിച്ചു. എ ഗ്രൂപ്പില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ആഴ്സനല്‍ 3-2ന് ലൂഡുഗോററ്റ്സിനെ കീഴക്കി. പി എസ് ജി 2-1 ന് ബേസിലിനെയും അത്‌ലറ്റികോ മാഡ്രിഡ് റോസ്തോവിനെയും തോല്‍പിച്ചു.

click me!