ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ടി. ഉഷ ജനറൽ അസംബ്ലിയിലെത്തി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെയാണ് ഉഷ ഈ പദവി ഉറപ്പാക്കിയത്.

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന നിമിഷത്തെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷ ജനറൽ അസംബ്ലിയിലെത്തി. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെയാണ് ഉഷ ജനറൽ അസംബ്ലിയിലേക്ക് എത്തുന്നത്. ഇതോടെ ഡിസംബർ 5-ന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള സാധ്യതകൾ ഉഷയ്ക്ക് മുന്നിൽ സജീവമായി.

അത്‌ലറ്റിക്സ് ഫെഡറേഷൻ തഴഞ്ഞു; തുണയായി ഐസ് ഹോക്കി

ദേശീയ കായിക ഫെഡറേഷനുകൾക്ക് ജനറൽ അസംബ്ലിയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ നിർദേശിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. നേരത്തെ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധി പട്ടികയിൽ ഉഷയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണസമിതിയിലേക്ക് എത്താൻ ഉഷയ്ക്ക് മുന്നിലുള്ള ഏക വഴി ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്‍റെ പ്രതിനിധിയാവുക എന്നതായിരുന്നു. ഐസ് ഹോക്കി ഫെഡറേഷന്‍റെ നാമനിർദേശത്തിലൂടെ ആ കടമ്പ ഉഷ മറികടന്നു.

പ്രമുഖർ ഉൾപ്പെട്ട 60 അംഗ പട്ടിക

30 ദേശീയ കായിക ഫെഡറേഷനുകളിൽ നിന്നായി ഒരു പുരുഷനും ഒരു വനിതയും വീതം ആകെ 60 പ്രതിനിധികളാണ് ജനറൽ അസംബ്ലി പട്ടികയിലുള്ളത്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി തമിഴ്നാട് മന്ത്രി ആധവ് അർജുനയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ അത്‌ലറ്റ്സ് കമ്മീഷൻ പ്രതിനിധികളായി മലയാളി നീന്തൽ താരം സജൻ പ്രകാശ്, ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവരെ തിരഞ്ഞെടുത്തിരുന്നു.

വരണാധികാരിക്കെതിരെ ഐഒസിക്ക് പരാതി

അതേസമയം, എസ്ഒഎം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചിട്ടുണ്ട്. വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ നിഷ്പക്ഷത പാലിച്ചില്ലെന്നും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഐഒസി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ഉഷ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് ഉഷ ആവശ്യപ്പെട്ടിരിക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വനിതാ വിഭാഗം എസ്ഒഎം തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ് (53 വോട്ട്), റാണി രാംപാൽ (50), ഡോള ബാനർജി (45), സൈന നെഹ്‌വാൾ (43) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 40 വോട്ടുകൾ നേടിയ ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായ തോൽവിയുടെ പേരിലല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐഒഎയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തിൽ വ്യക്തമാക്കി. കരട് വോട്ടർ പട്ടികയിന്മേലുള്ള പരാതികൾ വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെ സമർപ്പിക്കാം. നവംബർ 15-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
YouTube video player