
കിംബെര്‍ലി: ഇന്ത്യന്‍ പുരുഷ ടീമിനൊപ്പം വനിതാ ടീമും ദക്ഷിണാഫ്രിക്കയെ അവരുടെ തട്ടകത്തില്‍ വിറപ്പിക്കുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടി വനിതാ ടീം പരമ്പര സ്വന്തമാക്കി. ആദ്യ ഏകദിനം 88 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 178 റണ്‍സിന്‍റെ കൂറ്റന്‍ വിജയം ഇന്ത്യ സ്വന്തമാക്കി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ സ‌്മൃതി മന്ദാനയാണ്(135) ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ആദ്യ മത്സരത്തില്‍ 16 റണ്‍സിന് സെഞ്ചുറി നഷ്ടമായ മന്ദാന രണ്ടാം ഏകദിനത്തില്‍ പകരം വീട്ടുയായിരുന്നു. ഡയമന്‍ഡ് ഓവലില്‍ 129 പന്തില്‍ 135 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടി മന്ദാന ചരിത്രമെഴുതി. മന്ദാനയുടെയും അര്‍ദ്ധ സെഞ്ചുറി നേടിയ വേദ കൃഷ്ണമൂര്‍ത്തിയുടെയും കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റിന് 302 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 30.5 ഓവറില്‍ 124 റണ്‍സിന് എല്ലാവരും പുറത്തായി.
73 റണ്‍സ് നേടിയ ലിസ്‌ലി ലീയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവും രണ്ട് വിക്കറ്റ് വീതം നേടിയ രാജേശ്വരിയും ദീപ്തി ശര്‍മ്മയുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ ജൂലന്‍ ഗോസ്വാമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡ് സ്വന്തമാക്കി. ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് പിഴുതാണ് ജൂലന്‍ ചരിത്ര നേട്ടത്തിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!