കളിക്കാർക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണക്കില്ല; വിശദീകരണവുമായി മഞ്ഞപ്പട

By Web TeamFirst Published Feb 21, 2019, 4:24 PM IST
Highlights

തങ്ങളുടെ ഗ്രൂപ്പിലെ ഒരു അംഗം തെളിവില്ലാത്ത ആരോപണം വിനീതിനെതിരായി പ്രചരിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച മഞ്ഞപ്പട ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരിൽ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നും അഭ്യർത്ഥിച്ചു.

കൊച്ചി: സി കെ വിനീതിന്‍റെ പരാതിയിൽ വിശദീകരണവുമായി ബ്ളാസറ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട. കളിക്കാർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്ന് മഞ്ഞപ്പട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ഗ്രൂപ്പിലെ ഒരു അംഗം തെളിവില്ലാത്ത ആരോപണം വിനീതിനെതിരായി പ്രചരിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച മഞ്ഞപ്പട ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയുടെ പേരിൽ മഞ്ഞപ്പടയെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നും അഭ്യർത്ഥിച്ചു.മഞ്ഞപ്പട ആരാധക കൂട്ടായ്മ പിരിച്ചുവിടില്ലെന്നും വാർത്താകുറിപ്പ് വ്യക്തമാക്കുന്നു.

കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിൻ എഫ് സി മത്സരത്തിനിടെ സി കെ വിനീത് ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാട്‌‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. ഇതിനെതിരെ സി കെ വിനീത് മഞ്ഞപ്പടയ്ക്കെതിരെ രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. 

ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്സിക്യൂട്ടീവ് വാട്‌‌സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് മഞ്ഞപ്പട നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. 

മഞ്ഞപ്പട എക്‌സിക്യൂട്ടീവ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ശബ്‌ദസന്ദേശത്തിനെതിരെയാണ് തന്‍റെ പരാതിയെന്നും. തനിക്കെതിരെ വന്ന അപകീർത്തികരമായ സന്ദേശങ്ങളും പോസ്റ്റുകളും പിൻവലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാൽ പരാതി പിൻവലിക്കാമെന്നുമായിരുന്നു വിനീതിന്‍റെ നിലപാട്.

click me!