റോണോയും മെസിയും മോഡ്രിച്ചുമല്ല; ബാലന്‍ ഡി ഓര്‍ ഈ താരത്തിന്: ഹസാര്‍ഡ്

By Web TeamFirst Published Nov 18, 2018, 7:57 PM IST
Highlights

കഴിഞ്ഞ ഒരു ദശാബ്ദക്കാലം പുരസ്കാരം കയ്യടക്കിവെച്ചിരുന്ന ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് മറ്റൊരാള്‍ പുരസ്കാരം നേടുമെന്നാണ് പ്രവചനങ്ങള്‍.

ചെല്‍സി: ബാലന്‍ ഡി ഓര്‍ ഇക്കുറി ആര്‍ക്കെന്ന ചര്‍ച്ചകള്‍ മുറുകുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലം പുരസ്കാരം കയ്യടക്കിവെച്ചിരുന്ന ലിയോണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്ന് മറ്റൊരാള്‍ പുരസ്കാരം നേടുമെന്നാണ് പ്രവചനങ്ങള്‍. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ലൂക്കാ മോഡ്രിച്ചിനാവും ബാലന്‍ഡി ഓര്‍ എന്ന വിലയിരുത്തലുകളുണ്ട്. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന മറ്റൊരു താരമാണ് ചെല്‍സിയുടെ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ ഹസാര്‍ഡ്. 

എന്നാല്‍ ഹസാര്‍ഡ് പറയുന്നത് തനിക്ക് പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്നും ഫ്രഞ്ച് കൗമാര വിസ്‌മയത്തിനാവും ബാലന്‍ ഡി ഓര്‍ ലഭിക്കുക എന്നുമാണ്. തനിക്കിത് നല്ല വര്‍ഷമായിരുന്നു. എന്നാല്‍ ബാലന്‍ ഡി ഓറിന് അര്‍ഹനല്ല. സീസണിലെ ആകെ പ്രകടനം പരിശോധിച്ചാല്‍ മോഡ്രിച്ചിനെക്കാള്‍ മികച്ചുനില്‍ക്കുന്നത് പിഎസ്‌ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണെന്ന് ഹസാര്‍ഡ് വ്യക്തമാക്കി.

 

നാല് ഗോളുമായി എംബാപ്പെ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. യൂറോപ്പിലെ മികച്ച അണ്ടര്‍ 21 താരത്തിനുള്ള പുരസ്‌കാരവും തുടര്‍ച്ചയായ രണ്ടാം വര്‍ഷം പത്തൊമ്പതുകാരന്‍ സ്വന്തമാക്കി. താന്‍ ബാലന്‍ ഡി ഓര്‍ നേടാന്‍ യോഗ്യനാണെന്ന് തുറന്നുപറഞ്ഞ് എംബാപ്പെ നേരത്തെ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെയും യൂറോപ്പിലെയും ഫിഫയുടെയും മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. 

click me!