മെസി നേടാത്തത് മോഡ്രിച്ച് സ്വന്തമാക്കും; ബാഴ്‌സ സഹതാരത്തെ തള്ളി റാക്കിറ്റിച്ച്

By Web TeamFirst Published Sep 14, 2018, 12:22 PM IST
Highlights

മെസിക്ക് നേടാനാവാത്ത പുരസ്കാരങ്ങളെല്ലാം ക്രൊയേഷ്യന്‍ നായകന്‍ സ്വന്തമാക്കുമെന്ന് റാക്കിറ്റിച്ച്. ലോകകപ്പിലെയും യൂറോപ്പിലെയും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ മോഡ്രിച്ച് ഫിഫ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിലുമുണ്ട്. ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതും റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലെ സംഭാവനയുമാണ് മോഡ്രിച്ചിന്‍റെ കരുത്ത്.  

ബാഴ്‌സലോണ: സീസണില്‍ ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസിക്ക് നേടാനാവാത്ത പുരസ്കാരങ്ങളെല്ലാം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്‍റെ കൈകളിലെത്തുമെന്ന് റാക്കിറ്റിച്ച്. 'കൂടുതല്‍ വോട്ട് നേടി മോഡ്രിച്ച് വിജയിയാല്‍ അത്ഭുതപ്പെടാനില്ല. ഇത് മോഡ്രിച്ചിന്‍റെ വര്‍ഷമാണ്, അതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ട്. മെസിയല്ല മികച്ച താരം എങ്കില്‍ മോഡിച്ചിനായിരിക്കും പുരസ്കാരം'- ബാഴ്‌സയില്‍ മെസിയുടെയും ക്രൊയേഷ്യയില്‍ മോഡ്രിച്ചിന്‍റെയും സഹതാരമായ റാക്കിറ്റിച്ച് പറഞ്ഞു. 

ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മോഡ്രിച്ച് ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിനായിരുന്നു. യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരവും മോഡ്രിച്ച് അടുത്തിടെ സ്വന്തമാക്കി. ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അന്തിമപട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സലാ എന്നിവര്‍ക്കൊപ്പം മോഡ്രിച്ചുമുണ്ട്. എന്നാല്‍ ലോകകപ്പ്- യൂവേഫ പുരസ്കാരങ്ങള്‍ ക്രൊയേഷ്യന്‍ നായകന്‍റെ മാറ്റുകൂട്ടുന്നു.

click me!