ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന് മുന്‍ നായകന്‍

By Web DeskFirst Published Nov 11, 2017, 10:20 PM IST
Highlights

ദുബായ്: ബിസിസിഐയുടെ വിലക്ക് തുടരുന്ന മലയാളി പേസര്‍ എസ് ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസറുദീന്‍. രാജ്യം കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്തെന്ന് പറഞ്ഞ അസറുദീന്‍ അദേഹത്തിന് മുന്നില്‍ ടീമിന്‍റെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം കൈവിടാതിരുന്നാല്‍ തിരിച്ചുവരവ് സാധ്യമാകുമെന്നും അസറുദീന്‍ പറഞ്ഞു.

2013 ഐപിഎല്ലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസില്‍ ശ്രീശാന്തിനെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരെയും 2015 ല്‍ ദില്ലി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ബിസിസിഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.

സ്കോട്ട്‌ലാന്‍ഡ് ലീഗില്‍ കളിക്കാനുള്ള എന്‍ഒസി നല്‍കണമെന്ന ശ്രീശാന്തിന്‍റെ ആവശ്യവും ബിസിസിഐ അംഗീകരിച്ചില്ല. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് വിലക്ക് എടുത്ത് കളഞ്ഞെങ്കിലും ബിസിസിഐ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വിലക്ക് തുടരാന്‍ അനുവദിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 2000ല്‍ അസറുദീനെ ബിസിസിഐ ആജീവനാന്തകാലത്തേക്ക് വിലക്കിയിരുന്നു. 2012ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി അസറുദീനെ കേസില്‍ കുറ്റവിമുക്തനാക്കി. ബിസിസിഐയുടെ വിലക്ക് തുടരുന്നതിനാല്‍ ശ്രീശാന്തിന്‍റെ മടങ്ങിവരവില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുന്‍ നായകന്‍ പിന്തുണയുമായെത്തിയത്.

click me!