ഉസ്മാൻ താരിഖ് തന്റെ വജ്രായുധമെന്ന് പ്രഖ്യാപിച്ചിരുന്നു സല്‍മാൻ അഗ. എന്നാല്‍, ഉസ്മാൻ താരിഖിനെ ഇഷാന് മുന്നിലേക്ക് ഒന്നയക്കാൻ പോലും പാക് നായകൻ തയാറായില്ല

Its turning out to be a master stroke from Salman Ali Agha. രവി ശാസ്ത്രിയുടെ ശബ്ദം കമന്ററി ബോക്‌സില്‍ നിന്നുയരുമ്പോള്‍ കൊളംബോയിലെ ഗ്യാലറിയില്‍ പാക്കിസ്ഥാൻ ആരാധകര്‍ ആഘോഷിക്കുകയായിരുന്നു, ശവപ്പറമ്പിലെ മൂകതയായിരുന്നു നീലപുതച്ച ഇടങ്ങളിലെല്ലാം. സ്കോര്‍ബോര്‍ഡിനെ അലോസരപ്പെടുത്താതെ അഭിഷേക് ശര്‍മ മടങ്ങിയിരിക്കുന്നു. എ പെര്‍ഫെക്റ്റ് സ്റ്റാര്‍ട്ട് ഫോര്‍ പാക്കിസ്ഥാൻ, അല്ല ഇറ്റ് വാസ് എ ഡ്രീം സ്റ്റാർട്ട് ഫോർ ദെം.

വാട്ട് ഹാപ്പെൻഡ് ദെൻ. അഭിഷേകിന്റെ മടക്കത്തിന് ശേഷമുള്ള ആദ്യ പന്ത്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഷഹീൻ ഷാ അഫ്രിദിയുടെ ഒരു ഷോര്‍ട്ട് ബോള്‍. ആ പന്തിനെ കാത്തിരുന്ന ബാറ്റിന് സമീപകാലത്ത് ഒരേയൊരു ശീലമെല്ലെയുള്ളു. പുള്‍ ഷോട്ട്, ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സഞ്ചരിച്ച പന്ത് വിശ്രമിച്ചത് 77 മീറ്റ‍ര്‍ അകലെ. ടേക്ക് ദാറ്റ്, സെയ്സ് ഇഷാൻ പ്രണവ് കുമാ‍ര്‍ പാണ്ഡെ കിഷൻ. അഫ്രിദിക്ക് നല്‍കിയ വരവേല്‍പ്പ്, ദാറ്റ് വാസ് എ സ്റ്റേറ്റ്മെന്റ് ആൻഡ് എ ബിഗിനിങ്ങ്.

ആര്‍ പ്രേമദാസ സ്റ്റേ‍ഡിയത്തിലെ വിക്കറ്റില്‍ ഇഷാൻ കിഷൻ ഇന്ത്യയിലെ മൈതാനങ്ങളില്‍ ആസ്വദിച്ചുപോന്ന ലക്ഷ്വറികള്‍ ഉണ്ടായിരുന്നില്ല. സ്പിന്നര്‍മാര്‍ക്ക് ലഭിച്ച ടേണ്‍ 2.6 ഡിഗ്രിയായിരുന്നു, കൂടാതെ സ്ലൊ ആൻ സ്റ്റിക്കി. ഇഷാൻ പരീക്ഷിക്കപ്പെട്ടു, ഇല്ലാ എന്ന് പറയുന്നില്ല, ഇൻസൈഡ് എഡ്ജുകളുണ്ടായി, മിസ് ടൈം ഷോട്ടുകള്‍ നിരന്തരം സംഭവിച്ചു, പാക് സ്പിൻ നിരയുടെ വേരിയേഷനുകള്‍ക്ക് മുന്നില്‍ പലകുറി തന്റെ സ്വാഭാവിക ശൈലിയ്ക്ക് വിലങ്ങിടേണ്ടി വന്നു.

ഫോര്‍ച്ചൂണ്‍ ഫേവേഴ്സ് ദ ബ്രേവ് എന്ന പ്രയോഗം കേട്ടിട്ടില്ലെ. ഇഷാൻ തന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു മൈതാനത്ത്. ഇടം കയ്യൻ ഇഷാന് ഓഫ് സ്പിൻ, അതായിരുന്നു സല്‍മാൻ അഗയുടെ ആദ്യ തന്ത്രം. അഭിഷേകിനെ മടക്കിയ ആത്മവിശ്വാസത്തിലെത്തിയ സല്‍മൻ അഗയെ ലോങ് ഓണിലൂടെ ബൗണ്ടറി കടത്തി. സയീം അയൂബ് സ്ക്വയര്‍ ലെഗിലേക്കും. നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 30-1.

അഞ്ചാം ഓവറില്‍ ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് പന്തെടുത്തതോടെയാണ് ഇഷാന്റെ ഇന്നിങ്സിന്റെ ദിശ വ്യക്തമായത്. അഫ്രിദിയുടെ അതേ വിധിയായിരുന്നു അബ്രാറിനും, സ്ക്വയറിന് പിന്നിലൂടെ സിക്സ്. രണ്ട് പന്തിന്റെ ഇടവേളയ്ക്ക് ശേഷം കവറിലൂടെ ബൗണ്ടറി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ സയീം ഇഷാനെ അഫ്രിദിയുടെ കൈകളിലെത്തിച്ചെന്ന് ഓര്‍ത്തു. ടൈമിങ്ങിന്റെ അഭാവം, മിഡ് ഓണിലുണ്ടായിരുന്ന അഫ്രിദിയുടെ കൈകളെ ഉരസി. ഒരുപക്ഷേ, അത് സംഭവിച്ചിരുന്നെങ്കിലെന്ന് ഇപ്പോള്‍ പാക് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കണം.

പവര്‍പ്ലേയുടെ ആനുകൂല്യങ്ങള്‍ എല്ലാം പ്രയോജനപ്പെടുത്തി ഇഷാൻ നേടിയത് 25 പന്തില്‍ 42 റണ്‍സായിരുന്നു. അതിന് ശേഷമോ? ഈ ഘട്ടത്തിലായിരുന്നു മത്സരം തിരിച്ചുപിടിക്കാനുള്ള പാക്കിസ്ഥാന്റെ സാധ്യതകളെല്ലാം ഇഷാൻ ഇല്ലാതാക്കിയത്. പവർപ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവർ, വീണ്ടും അബ്രാർ. തുടരെ മൂന്ന് ബൗണ്ടറികള്‍, ആദ്യമൊരു ഡെഫ് ടച്ചിലൂടെ ഷോര്‍ട്ട് തേഡിലേക്ക്, പിന്നാലെ അബ്രാറിന്റെ തലയ്ക്ക് മുകളിലൂടെ ലോങ് ഓഫിലേക്ക്. 27 പന്തില്‍ അര്‍ദ്ധ സെഞ്ചുറി. ഇന്ത്യ-പാക് പോരുകളിലെ ഏറ്റവും വേഗമേറിയത്.

മൂന്നാം ബൗണ്ടറി എക്‌സ്ട്രാ കവറിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവായിരുന്നു. ഇഷാന്റെ ഏറ്റവും മികച്ച ഷോട്ട്. ലെഗ് സൈഡ് ഡൊമിനേറ്റ് ചെയ്തുകളിക്കുന്ന ഇഷാൻ നേടിയ മൂന്ന് ബൗണ്ടറികളും ഓഫ് സൈഡിലൂടെ, തന്റെ ഗെയിം പ്ലാനുകളില്‍ ഇഷാൻ വരുത്തിയ മാറ്റങ്ങള്‍ മൈതാനത്തും പ്രകടമാകുകയായിരുന്നു. അബ്രാറിന് കഴിയാത്തത് ഷദാബിന് സാധിക്കുമെന്ന് കരുതിയ സല്‍മാൻ അഗയ്ക്ക് വീണ്ടും തെറ്റി, 17 റണ്‍സ് ഒരു ഓവര്‍.

ഉസ്മാൻ താരിഖ് തന്റെ വജ്രായുധമെന്ന് പ്രഖ്യാപിച്ചിരുന്നു സല്‍മാൻ അഗ. എന്നാല്‍, ഉസ്മാൻ താരിഖിനെ ഇഷാന് മുന്നിലേക്ക് ഒന്നയക്കാൻ പോലും പാക് നായകൻ തയാറായില്ല. പവര്‍പ്ലേയ്ക്ക് പിന്നാലെ ലെഗ് സ്പിന്നര്‍മാര്‍ എറിഞ്ഞ രണ്ട് ഓവറില്‍ ഇഷാൻ സ്കോര്‍ ചെയ്തത് 30 റണ്‍സ്. 41 മിനുറ്റ് നീണ്ട ഇന്നിങ്സിന് സയിം അവസാനം കാണുമ്പോള്‍ ഇഷാൻ കളി ഇന്ത്യയുടെ തീരത്ത് എത്തിച്ചിരുന്നു. 40 പന്തില്‍ 77 റണ്‍സ്. പത്ത് ഫോറും മൂന്ന് സിക്‌സും. സ്ട്രൈക്ക് റേറ്റ് 192.

ഇഷാൻ മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 88 ആണ്, 87.5 ശതമാനവും സംഭാവന ചെയ്തതും ഇഷാന്റെ ബാറ്റ്. റിസ്ക്ക് എടുക്കാതെ തന്നെ മികച്ച സ്കോറിലേക്ക് എത്താൻ കഴിയുമെന്ന് ആത്മവിശ്വാസം ഇഷാൻ നല്‍കി. മറ്റ് ബാറ്റര്‍മാരുടെ സ്കോറുകള്‍ മാത്രം മതി ഇഷാന്റെ ഇന്നിങ്സിന്റെ മൂല്യം എത്രത്തോളമെന്ന് അറിയാൻ. കൊളംബോ സാക്ഷ്യം വഹിച്ചത് ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ-പാക് പോരുകളിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നു തന്നെയായിരുന്നു.

Powered by: