സച്ചിന്‍റെ മകന്‍ എന്നതല്ല അര്‍ജുന്‍റെ യോഗ്യത, കൂടുതല്‍ അറിയാം

Web desk |  
Published : Jun 08, 2018, 02:25 PM ISTUpdated : Jun 29, 2018, 04:28 PM IST
സച്ചിന്‍റെ മകന്‍ എന്നതല്ല അര്‍ജുന്‍റെ യോഗ്യത, കൂടുതല്‍ അറിയാം

Synopsis

ഓള്‍റൗണ്ട് മികവ് തെളിയിക്കാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വമ്പന്മാരെ വിറപ്പിച്ച താരം  

മുംബെെ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെട്ടതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ക്രിക്കറ്റ് ആരാധകരില്‍ നിന്ന് ഉയരുന്നത്. സച്ചിന്‍റെ മകന്‍ എന്നതാണോ അര്‍ജുനെ ടീമില്‍ എടുക്കാനുള്ള യോഗ്യതയെന്ന ചോദ്യം താരത്തിന്‍റെ ഓരോ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍, ഇന്ത്യന്‍ ടീം പ്രവേശനത്തോടെ അത് വര്‍ധിച്ചെന്ന് മാത്രം. വിരമിച്ച് അഞ്ചു വര്‍ഷമാകുമ്പോള്‍ പോലും ക്രിക്കറ്റ് എന്നാല്‍ ഇപ്പോഴും സച്ചിന്‍ ആണെന്ന് പറയുന്ന ആരാധകര്‍ക്കിടയിലേക്ക് അര്‍ജുന്‍ എത്തുന്നത് നന്നായി പയറ്റി തെളിഞ്ഞിട്ട് തന്നെയാണ്. അര്‍ജുനെപ്പറ്റിയുള്ള ചില വസ്തുതകള്‍ പരിശോധിക്കാം.

അടിസ്ഥാനം അച്ഛനെ പോലെയല്ല..!

ബാറ്റ്സ്മാന്‍ എന്ന നിലയില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ സച്ചിനെ പോലയല്ല അര്‍ജുന്‍. ബാറ്റിംഗില്‍ ഇതിഹാസമായ അച്ഛന്‍റെ മകന്‍ ഇടംകെെ മീഡിയം പേസറാണ്. സച്ചിന്‍ വലംകെെ ബാറ്റ്സ്മാനാണെങ്കില്‍ അര്‍ജുന് അതും ഇടതാണ് താത്പര്യം. ധര്‍മശാലയില്‍ 19 വയസില്‍ താഴെയുള്ളവര്‍ക്കായി ഏപ്രിലില്‍ നടത്തിയ ഒരു മാസം നീണ്ട ക്യാമ്പില്‍ അര്‍ജുന്‍ പങ്കെടുത്തിരുന്നു. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗത്തില്‍ തുടര്‍ച്ചയായി അര്‍ജുന് പന്തെറിയാന്‍ സാധിക്കുന്നുണ്ടെന്നാണ് പരിശീലകന്‍ വ്യക്തമാക്കുന്നത്.

സ്ഥിരതയുള്ള യുവതാരം

കഴിഞ്ഞ വര്‍ഷം മുംബെെയുടെ അണ്ടര്‍ 19 ടീമിലേക്ക് അര്‍ജുനെ തെരഞ്ഞെടുത്തു. നേരത്തെ, മുംബെെയുടെ അണ്ടര്‍ 14,16 ടീമുകളിലും താരം കളിച്ചു. 2017-18 സീസണില്‍ കൂച്ച് ബെഹാര്‍ ട്രോഫിയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളാണ് അര്‍ജുന്‍ പിഴുതെടുത്തത്. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടവും മുംബെെ അണ്ടര്‍ 19 ടീമിനായി സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ നമീബിയയുടെ അണ്ടര്‍ 19 ടീമിനെതിരെ എംസിസിക്കായി കളിച്ച അര്‍ജുന്‍ അവിടെയും തന്‍റെ മികച്ച പ്രകടനം തുടര്‍ന്നു.

പരിശീലകന്‍

പൂനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അതുല്‍ ഗെയ്കവാദാണ് അര്‍ജുന്‍റെ പ്രധാന പരിശീലകന്‍. മൂന്ന് വര്‍ഷം മുമ്പ് സച്ചിനാണ് അര്‍ജുന്‍റെ പരിശീലകനായി അതുലിനെ എത്തിച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ലെവല്‍ മൂന്ന് പരിശീലകനാണ് അതുല്‍. അര്‍ജുനെ കടുത്ത രണ്ടു പരിക്കുകള്‍ വലച്ചപ്പോള്‍ ബൗളിംഗ് ആക്ഷനിലടക്കം മാറ്റം കൊണ്ടുവരുവാന്‍ അതുലിന് സാധിച്ചു. അര്‍ജുന് ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്ന് അതുല്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് തുടര്‍ച്ചായായ പരിക്കുകള്‍ അവനെ വലച്ചിരുന്നു. അതില്‍ നിന്ന് മുക്തനായി കഠിന പരിശീലനം അവന്‍ നടത്തിയിരുന്നെന്നും പരിശീലകന്‍ വ്യക്തമാക്കുന്നു. ഗെയ്കവാദിനെ കൂടാതെ ഇന്ത്യയുടെ മുന്‍ താരം സുബ്രതോ ബാനര്‍ജിയും അര്‍ജുന്‍റെ ബൗളിംഗ് പരിശീലകനായിട്ടുണ്ട്.

പ്രതീക്ഷകളുള്ള താരം

ദേശീയ, രാജ്യാന്തര തലങ്ങളിലുള്ള നിരവധി ക്ലബ്ബുകള്‍ക്കായി അര്‍ജുന്‍ കളിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ വച്ച് പാക്കിസ്ഥാന്‍റെ ഇതിഹാസ ബൗളര്‍ വസീം അക്രത്തിനെ തന്‍റെ പ്രതിഭ കൊണ്ട് ആശ്ചര്യപ്പെടുത്താന്‍ അര്‍ജുന് സാധിച്ചു. അര്‍ജുനൊപ്പം സമയം ചെലവിട്ട വസീം, അവന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഉത്സാഹമുള്ള താരമാണെന്നാണ് പ്രതികരിച്ചത്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഏതൊരു 15 വയസുകാരനെയും പോലെ ക്രിക്കറ്റ് ആവേശമുള്ള കുട്ടിയാണ് അര്‍ജുന്‍.ആരോഗ്യവാനായിരിക്കുന്നത് സംബന്ധിച്ചും കെെക്കുഴയുടെ ചലനങ്ങളെയും പറ്റി അര്‍ജുനോട് സംസാരിച്ചെന്നും അക്രം പറഞ്ഞു.

ഇഷ്ടം സച്ചിനോടല്ല

ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരില്‍ ഏറെയും സച്ചിനെ ആരാധനാപാത്രമാക്കുമ്പോള്‍ അര്‍ജുന് അതും വ്യത്യസ്തമാണ്.  സച്ചിനെ മാതൃകയാക്കാന്‍ എല്ലാവരും നോക്കുമ്പോള്‍ മറ്റ് രണ്ടു താരങ്ങളെയാണ് അര്‍ജുന്‍ നോക്കി പഠിക്കുന്നത്. ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ഇംഗ്ലണ്ടിന്‍റെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയുമാണ് അര്‍ജുന്‍ മാതൃകയായി സ്വീകരിച്ചിരിക്കുന്നത്.

വമ്പന്മാര്‍ക്കെതിരെയും പന്തെറിയും

മുംബെെയില്‍ ഇന്ത്യന്‍ ടീം കളിക്കാനെത്തുമ്പോള്‍ നെറ്റ്സില്‍ പന്തെറിയാന്‍ എത്തുന്ന താരങ്ങളിലൊരാള്‍ അര്‍ജുനായിരിക്കും. വിരാട് കോഹ്‍ലിക്കെതിരെ ബോള്‍ ചെയ്യുന്ന അര്‍ജുന്‍റെ വീഡിയോ അടുത്തയിടെ വെെറലായിരുന്നു, ലോര്‍ഡ്സിലെ ഇന്‍ഡോര്‍ അക്കാദമിയിലും അര്‍ജുന്‍ പരിശീലനം നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍സ്റ്റോയ്ക്കെതിരെ അര്‍ജുന്‍ എറിഞ്ഞ യോര്‍ക്കര്‍ ഇംഗ്ലീഷ് താരത്തെ വലയ്ക്കുകയും പരിക്കിന്‍റെ വക്കോളവും എത്തിച്ചു. കഴിഞ്ഞ വര്‍ഷം ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ വനിത ടീമിനും അര്‍ജുന്‍ പന്തെറിഞ്ഞു കൊടുത്തു. 2015ല്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയയെും അര്‍ജുന്‍ പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു.

ഹാരീസ് ഷീല്‍ഡിലെ അരങ്ങേറ്റം

സച്ചിനും വിനോദ് കാംബ്ലിയും 664 റണ്‍സ് സഖ്യം പടുത്തുയര്‍ത്തിയ ഹാരീസ് ഷീല്‍ഡ് ഓര്‍മയില്ലേ. 2011ല്‍ അര്‍ജുന്‍ ആ ടൂര്‍ണമെന്‍റില്‍ അരങ്ങേറ്റം കുറിച്ചു. ബാറ്റിംഗില്‍ സംപൂജ്യനായി പുറത്തായെങ്കിലും അവിടെയും പന്ത് കൊണ്ട് വിസ്മയിപ്പിക്കാന്‍ താരത്തിന് സാധിച്ചു. ധിരുബായ് അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളിനായി എട്ടു വിക്കറ്റുകള്‍ അര്‍ജുന്‍ സ്വന്തമാക്കി.

ബാറ്റ് ചെയ്യാനും സാധിക്കുന്ന ബൗളര്‍

ഒരു ഓള്‍ റൗണ്ടറായി പലരും വിലയിരുത്തുന്നുണ്ടെങ്കിലും പ്രാഥമികമായി ഒരു ഫാസ്റ്റ് ബൗളറാണ് അര്‍ജുന്‍. പക്ഷേ, ഈ വര്‍ഷമാദ്യം ബാറ്റ് കൊണ്ടുള്ള പ്രഹരത്തിലും തന്‍റെ കഴിവ് യുവതാരം തെളിയിച്ചു. ക്രിക്കറ്റേഴ്സ് ക്ലബ്ബിനായി ട്വന്‍റി 20 മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 27 പന്തില്‍ 48 റണ്‍സാണ് അര്‍ജുന്‍ അടിച്ചു കൂട്ടിയത്. മത്സരത്തില്‍ നാലോവറില്‍ നാലു വിക്കറ്റുകളും പേരിലെഴുതി.

ആദ്യ സെഞ്ച്വറി

സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച സച്ചിന്‍റെ മകന്‍ തന്‍റെ ആദ്യ ശതകം കുറിച്ചത് 13-ാം വയസിലാണ്. 2012ല്‍ എംസിഎയുടെ അണ്ടര്‍ 14 ടീമിനായി 124 റണ്‍സാണ് അര്‍ജുന്‍ അടിച്ചു കൂട്ടിയത്. അതിന് ശേഷം രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് സച്ചിന്‍ ഇന്ത്യക്കായി തന്‍റെ നൂറാം സെഞ്ച്വറി നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍
മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോളര്‍ക്കുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്