
ദില്ലി: മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യയുടെ ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട എംഎസ് ധോണിയെ ന്യായീകരിച്ച് മുന്‍ നായകന്‍ കപില്‍ ദേവ്. ധോണി ക്രീസിലെത്തുമ്പോള്‍ ആരാധകര്‍ പഴയ ഇരുപതുകാരന്റെയോ ഇരുപത്തഞ്ചുകാരന്റെയോ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ധോണി ആ പഴയ ഇരുപതുകാരനല്ലെന്ന് ഓര്‍മ വേണമെന്ന് കപില്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനായി ധോണി ചെയ്തത് വലിയ കാര്യങ്ങളാണെന്നും കപില്‍ വ്യക്തമാക്കി.
ധോണിക്ക് അനുഭവ സമ്പത്തുണ്ട്. അനുഭവ സമ്പത്തുകൊണ്ട് ടീമിന് സംഭാവന ചെയ്യാന്‍ കഴിയുമെങ്കില്‍ നല്ലകാര്യമാണ്. എന്നാല്‍ പഴയ ഇരുപതുകാരന്റെ പ്രകടനം ധോണിയില്‍ നിന്ന് ഇനി പ്രതീക്ഷിക്കരുത്. അതൊരിക്കലും സാധ്യമല്ല. കായികക്ഷമത നിലനിര്‍ത്തിയാല്‍ ധോണിയെ ടീമില്‍ കളിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ധോണി കൂടുതല്‍ മത്സരം കളിക്കണം. കാരണം ധോണി ടീമിലുള്ളത് ഏത് ടീമിനും വലിയ മുതല്‍ക്കൂട്ടാണെന്നും കപില്‍ പറഞ്ഞു.
ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്പെഷ്യൽ വ്യക്തിയാണെന്നും കപില്‍ പറഞ്ഞു. ചില വ്യക്തികൾ വളരെ സ്പെഷ്യലാണ്, അതിലൊരാളാണ് കോലി. കഴിവുളളവർ കഠിനാധ്വാനം ചെയ്യാൻ തയ്യാറായാൽ അവർ അതിമാനുഷികരാവും. കോലി കഴിവുളളവനാണ്, അച്ചടക്കമുളളവനാണ്, അതാണ് അയാളെ പ്രത്യേകതയുളളവനാക്കുന്നതെന്നും കപിൽ ദേവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!