
ഖോരഗ്പൂര്‍: വന്നവഴി മറക്കുന്നയാളല്ല മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോനി. ഇന്ത്യന്‍ നായകനാകുന്നതിന് മുന്‍പ് റയില്‍വേയില്‍ ടിക്കറ്റ് കളക്ടറായിരുന്ന ധോനിയുടെ പ്രധാന ഇടങ്ങളിലൊന്നായിരുന്നു ഖൊരക്പൂര്‍ റയില്‍വേ സ്‌റ്റേഷനിലെ തോമസിന്റെ ചായക്കട. ദിവസവും രണ്ടു മൂന്ന് തവണയെങ്കിലും ധോനി ചായ കുടിക്കാനായി തോമസിന്റെ കടയിലെത്തും. തോമസിനോട് വിശേഷങ്ങള്‍ പങ്കുവെച്ച് ചായയും കുടിച്ചായിരുന്നു മടക്കം.
പിന്നീട് റയില്‍വേയിലെ ജോലി ഉപേക്ഷിച്ച ധോനി ഇന്ത്യന്‍ നായകനായത് ചരിത്രം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസും ധോനിയും വീണ്ടും കണ്ടുമുട്ടി. രൂപത്തിലും ഭാവത്തിലുമെല്ലാം ധോനി ഒരുപാട് മാറിയെങ്കിലും മാറ്റമില്ലാത്തതായി ഒന്നുണ്ടായിരുന്നു, ധോനിയുടെ ആ പഴയ സ്‌നേഹം. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോനിയെ നേരില്‍ കാണാന്‍ തോമസ് എത്തിയത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ജാര്‍ഖണ്ഡ് ടീമിനൊപ്പമുള്ള കൊല്‍ക്കത്തയിലായിരുന്നു ധോനി. കൊല്‍ക്കത്തയിലെത്തിയാണ് തോമസ് ധോനിയെ കണ്ടത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് കാണുന്നതെങ്കിലും ഒറ്റനോട്ടത്തില്‍ തന്നെ തോമസിനെ ധോനി തിരിച്ചറിഞ്ഞു. തോമസിനെ ടീം താമസിക്കുന്ന ഹോട്ടലില്‍ കൂട്ടിക്കൊണ്ടു പോയി ഒപ്പം അത്താഴവും കഴിച്ച്, സുഹൃത്തുക്കളെ പരിചയപ്പെടുത്തിയുമാണ് ധോനി മടക്കി അയച്ചത്. തന്റെ ചായക്കടയുടെ പേര് ഇനി ധോനി ടീ സ്റ്റാള്‍ എന്നുമാറ്റുമെന്ന് പറഞ്ഞാണ് തോമസ് മടങ്ങിയത്.
ജാര്‍ഖണ്ഡ് ടീമിനൊപ്പം ഹാതിയയില്‍ നിന്ന് ഹൗറവരെ ട്രെയിനിലായിരുന്നു ധോനിയുടെ യാത്ര. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് താന്‍ ട്രെയിനില്‍ കയറുന്നതെന്ന് ധോനി പറഞ്ഞു. ടീം അംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് അവര്‍ക്കൊപ്പം ട്രെയിന്‍ യാത്ര തെരഞ്ഞെടുത്തതെന്നും ധോണി വ്യക്തമാക്കി. ടീം അംഗങ്ങള്‍ക്കൊപ്പം ട്രെയിനില്‍ നില്‍ക്കുന്നതിന്റെയും റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിന്റെയും ചിത്രങ്ങളും ധോനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!