കാര്യവട്ടം നിരാശയായി; ആ നേട്ടത്തിനായി ധോണി ഇനിയും കാത്തിരിക്കണം

By Web TeamFirst Published Nov 1, 2018, 6:15 PM IST
Highlights

കാര്യവട്ടത്ത് എംഎസ് ധോണിയുടെ ചരിത്രനേട്ടം കാണാനെത്തിയ ആരാധകര്‍ക്ക് നിരാശ. ഇനി പ്രതീക്ഷ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍. എന്നാല്‍ ഇതിനായി അടുത്ത വര്‍ഷംവരെ ആരാധകര്‍ കാത്തിരിക്കണം...

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ എംഎസ് ധോണിയുടെ ചരിത്രനേട്ടം കാണാനെത്തിയ ആരാധകര്‍ക്ക് നിരാശ. ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനായി പതിനായിരം ക്ലബിലെത്താന്‍ ധോണിക്ക് ഒരു റണ്‍സ് കൂടി മതിയായിരുന്നു. എന്നാല്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിച്ച മത്സരത്തില്‍ ധോണിക്ക് ബാറ്റിംഗിന് അവസരം ലഭിക്കാതെവന്നതോടെ ഈ നേട്ടം കാണാന്‍ ഇനിയും കാത്തിരിക്കണം. 

ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇനി ധോണിക്ക് മുന്നിലുള്ളത്. എന്നാല്‍ പര്യടനത്തിലെ ആദ്യ ഏകദിനം ജനുവരി 12നാണ് നടക്കുക. 15, 18 തിയതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. ഈ പരമ്പരയില്‍ ധോണി ചരിത്രനേട്ടത്തിലെത്തുമെന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ.

ഏകദിനത്തില്‍ 332 മത്സരങ്ങളില്‍ ധോണി 10173 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇതിലെ 174 റണ്‍സ് 2007ല്‍ ഏഷ്യ ഇലവന് വേണ്ടി നേടിയതാണ്. ഇന്ത്യന്‍ ജഴ്സിയില്‍ 9999 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 67 അര്‍ദ്ധ സെഞ്ചുറിയും ധോണിയുടെ പേരിലുണ്ട്. 50.11 ആണ് ധോണിയുടെ ബാറ്റിംഗ് ശരാശരി. 

click me!