ധോണിയെ പുറത്താക്കിയത് കോലിയുടെയും രോഹിതിന്‍റെയും സമ്മതത്തോടെ; വെളിപ്പെടുത്തല്‍

By Web TeamFirst Published Oct 27, 2018, 6:46 PM IST
Highlights

ടി20 ടീമില്‍ നിന്ന് മുന്‍ നായകന്‍ എംഎസ് ധോണിയെ പുറത്താക്കിയതിന് പിന്നിലെ ചുരുളഴിയുന്നു. വിന്‍ഡീസ്- ഓസീസ് പരമ്പരകളില്‍ ടീമിനെ നയിക്കുന്ന രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും സമ്മതത്തോടെയാണ് ധോണിയെ പുറത്താക്കിയത് എന്ന് വെളിപ്പെടുത്തല്‍....
 

മുംബൈ: ഫോമിലല്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ ടി20 ടീമില്‍ നിന്ന് പുറത്താക്കിയത് ക്രിക്കറ്റ് പ്രേമികളെ ചെറുതായൊന്നുമല്ല അമ്പരപ്പിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനും ഫിനിഷറുമായ ധോണിക്ക് ഇപ്പോഴും ടീമില്‍ പ്രധാന്യമുണ്ട് എന്നാണ് ആരാധകരുടെ വിശ്വാസം.

വിന്‍ഡീസിനും ഓസീസിനും എതിരായ ടി20 പരമ്പരകളില്‍നിന്ന് ധോണിയെ ഒഴിവാക്കിയതില്‍ മുഖ്യ സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ് പ്രതികരണവുമായി രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി ബിസിസിഐ അംഗവുമെത്തി. 'ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ധോണിയെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ ഔചിത്യമില്ല'- ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്‍റും തമ്മില്‍ വലിയ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിരാട് കോലിയുടെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണ് ധോണിയെ പുറത്താക്കിയത് എന്നതാണ് ഇതില്‍ ശ്രദ്ധേയം. ഇത് ശരിവെച്ച് സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്ത ഇരുവരെയും മറികടന്ന് സെലക്‌ടര്‍മാര്‍ ഒരു തീരുമാനമെടുക്കുമോ എന്ന് ബിസിസിഐ ഒഫീഷ്യല്‍ ചോദിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ഇത് ധോണിയുടെ പുറത്താകലില്‍ ഇരുവരുടെയും സമ്മതം തെളിയിക്കുന്നു.
 
വിന്‍ഡീസിനെതിരെ രോഹിതും ഓസ്‌ട്രേലിയയില്‍ കോലിയുമാണ് ടീം ഇന്ത്യയെ നയിക്കുന്നത്. മൂന്ന് വീതം ടി20 മത്സരങ്ങളാണ് ധോണിയില്ലാതെ ഇരു രാജ്യങ്ങള്‍ക്കെതിരെയും ഇന്ത്യ കളിക്കുക. 

click me!