
പുനെ: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഹോപിന്‍റെ പ്രതിരോധത്തിലും വാലറ്റത്തെ വെടിക്കെട്ടിലും 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി മടങ്ങിവരവ് ആഘോഷമാക്കിയ ബൂംറ ഇന്ത്യക്കായി തിളങ്ങി. കുല്‍ദീപ് രണ്ടും ഖലീലും ഭുവിയും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി.
തുടക്കത്തില്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന വിന്‍ഡീസിനെ ഹോപ് കരകയറ്റുകയായിരുന്നു. ടീമില്‍ മടങ്ങിയെത്തിയ സൂപ്പര്‍ പേസര്‍ ബൂംറയാണ് മത്സരം തുടക്കത്തിലെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഓപ്പണര്‍മാരായ ചന്ദ്രപോള്‍ ഹേംരാജും(15), കീറാന്‍ പവലും(21) ബൂംറയുടെ പന്തില്‍ പുറത്തായി. ഒമ്പത് റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിനെ ഖലില്‍ അഹമ്മദ് പുറത്താക്കി. എന്നാല്‍ മൂന്നാമന്‍ ഹോപ് ഒരറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് വീരന്‍ ഹെറ്റ്മെയര്‍ 21 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ നാല് റണ്‍സുമായി റോവ്‌മാന്‍ പവലും കുല്‍ദീപിന്‍റെ പന്തില്‍ വീണു. എന്നാല്‍ ഹോപ്- ഹോള്‍ഡര്‍ സഖ്യം വിന്‍ഡീസിനെ അധികം പരിക്കുകളില്ലാതെ രക്ഷിച്ചു. വ്യക്‌തിഗത സ്കോര്‍ 32ല്‍ നില്‍ക്കേ ഹോള്‍ഡറെ മടക്കി ഭുവി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. അലനെ ചാഹലും പറഞ്ഞയച്ചതോടെ വിന്‍ഡീസ് 217-7 എന്ന നിലയിലായി.
44-ാം ഓവറിലെ മൂന്നാം പന്തില്‍ ബൂറയുടെ റോക്കറ്റ് യോര്‍ക്കര്‍ ഹോപിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടുമെന്ന് തോന്നിച്ച ഹോപ് 95ല്‍ പുറത്ത്. 113 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറുകളും സഹിതമായിരുന്നു ഹോപ് ഷോ. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് നഴ്‌സും റോച്ചും വിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചു. ഒമ്പതാം വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 22 പന്തില്‍ 40 റണ്‍സെടുത്ത ഹോപിനെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബൂംറ പുറത്താക്കി. റോച്ച് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!