എംഎസ്‌കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

By Web DeskFirst Published Sep 21, 2016, 11:39 AM IST
Highlights

മുംബൈ: മുൻ വിക്കറ്റ് കീപ്പർ എംഎസ്‌കെ പ്രസാദിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി ചെയർമാനായി ബിസിസിഐ തെരഞ്ഞെടുത്തു.സന്ദീപ് പാട്ടീലിന് പകരക്കാരനായാണ് പ്രസാദ് എത്തുന്നത്. ഇന്ത്യക്കായി ആറ് ടെസ്റ്റും 17ഏകദിനങ്ങളും കളിച്ച  മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പ്രസാദ്. ദക്ഷിണ മേഖലയുടെ പ്രതിനിധിയായാണ് പ്രസാദ് സെലക്ഷൻ കമ്മറ്റി അധ്യക്ഷനാവുന്നത്. ദേവാങ്ക് ഗാന്ധി, ജിതിൻ പരഞ്ജ്പെ, സരൺദീപ് സിംഗ്, ഗഗൻ ഘോഡ എന്നിവരാണ് മറ്റ് സെലക്ടർമാർ.

ബിസിസിഐ സെക്രട്ടറിയായി അ‍ജയ് ശിർക്കെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐസിസിയിലേക്കുള്ള ബോർഡ് പ്രതിനിധിയായി പ്രസിഡന്റ് അനുരാഗ് താക്കൂർ തുടരും. പുതുതായി എടുത്ത തീരുമാനങ്ങൾ ബിസിസിഐ ലോധ കമ്മറ്റിയെ അറിയിക്കും. ടെസ്റ്റ് കളിച്ചുപരിജയമില്ലാത്തവരെ സെലക്ടർമാരാക്കരുതെന്ന ലോധ കമ്മറ്റി നിർദേശങ്ങൾ കാറ്റിൽപറത്തിയാണ് ജിതിൻ പരഞ്ജ്പെ, ഗഗൻ ഘോഡ എന്നിവരെ കമ്മറ്റിയിൽ ഉൾപെടുത്തിയത്.

ലോധകമ്മറ്റി നിർദേശിച്ച മൂന്നംഗ പാനലിന് പകരം അഞ്ച് അംഗങ്ങൾ ഉൾപെടുന്ന കമ്മറ്റിയാണ് ബസിസിഐ തെരഞ്ഞെടുത്തത്. പോയവർഷത്തെ ബോർഡിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള അവലോകനം മാത്രമേ ഇന്നത്തെ ജനറൽ ബോഡിയിലുണ്ടാകാവൂയെന്ന് ബിസിസിഐയെ ലോധ കമ്മറ്റി രേഖാമൂലം അറിയിച്ചിരുന്നു. പുതുതായി നിയമനങ്ങളോ പരിഷ്കരണങ്ങളോ നടപ്പിലാക്കിയാൽ അത് കോടതി അലക്ഷ്യമാകുമെന്നും ലോധകമ്മറ്റി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഇതൊന്നും കണക്കിലെടുക്കാതെയാണ് ക്രിക്കറ്റ് ഭരണരംഗത്തെ പുതിയ നിയമങ്ങളുമായി ബിസിസിഐ മുന്നോട്ട്പോകുന്നത്. ലോധ കമ്മറ്റി ശുപാർശകൾ നടപ്പിലാക്കാതെ ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളരുത് എന്ന് സുപ്രീകോടതിയുടെ കർശന നിർദേശം നിലനിൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിസിസിഐ തീരുമാനങ്ങൾ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കാം.

 

 

click me!