വിവാഹമോചനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട പെയ്സിന്റെ ഭാര്യയ്ക്ക് പറ്റിയ പറ്റ്

By Web DeskFirst Published Sep 13, 2017, 10:09 PM IST
Highlights

മുംബൈ: പൂജ്യത്തിന്റെ വില എത്ര വലുതാണെന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിനും മുന്‍ഭാര്യ റിയ പിള്ളയ്ക്കും ഇപ്പോള്‍ അത് നന്നായി അറിയാം. വിവാഹമോചനത്തെത്തുടര്‍ന്ന് കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിയ നല്‍കിയ ഹര്‍ജിയിലാണ് പൂജ്യത്തിന്റെ കളി. ഗാര്‍ഹിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് റിയ നല്‍കിയ ഹര്‍ജിയില്‍ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു പൂജ്യം ചേര്‍ക്കാന്‍ വിട്ടുപോയതോടെ നഷ്ടപരിഹാരം വെറും 10 ലക്ഷം ആയി ചുരുങ്ങുകയായിരുന്നു. പൂജ്യം ചേര്‍ക്കാന്‍ മറന്നുപോയതാണെന്ന് റിയാ പിള്ള പിന്നീട് വ്യക്തമാക്കി.

എന്നാല്‍ വിട്ടുപോയ പൂജ്യത്തിന്റെ പ്രശ്നം റിയ പിള്ളയുടെ അഭിഭാഷകര്‍ ഇന്നലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. റിയ പിള്ള ആവശ്യപ്പെട്ട തുകയില്‍ ഒരു പൂജ്യം എഴുതാന്‍ വിട്ടുപോയതാണെന്ന് ജഡ്ജി മഹേഷ് ജത് മലാനിയോട് ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നടത്തിയ അന്വേഷണത്തില്‍ റിയ പിള്ളക്ക് ഒരു കോടിയുടെ നഷ്ടപരിഹാരം തന്നെ നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2014 ലാണ് റിയ പിള്ള പേസിനെതിരെ ഗാര്‍ഹിക പീഡന കേസ് ഫയല്‍ ചെയ്തത്. മക്കള്‍ക്കായി ഇതുവരെ ചെലവഴിച്ച ഇനത്തില്‍ 42.37 ലക്ഷം രൂപ മൊത്തം നല്‍കണമെന്നും പിന്നീട് പ്രതിമാസം 2.62 ലക്ഷം വീതം നല്‍കണമെന്നും റിയാ പിള്ള ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ പെയ്സിന്റെ വാഹനങ്ങളായ ടൊയോട്ട ഇന്നോവ, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിറ്റി കാര്‍ എന്നിവയും ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയായ റിയ ആ ബന്ധം പരാജയമായതിനെ തുടര്‍ന്നാണ് ലിയാന്‍ഡര്‍ പെയ്സിനെ വിവാഹം കഴിച്ചത്.

 

click me!