ലോകകപ്പ് സെമിയിലെത്തിയെങ്കിലും ഇന്ത്യൻ ടീം വ്യക്തിഗത പ്രകടനങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് വിമർശനം. ഇന്ത്യ ഒരു ടീമായി കളിക്കുന്നില്ലെന്ന് മുൻ താരം മുഹമ്മദ് ആമിർ നിരീക്ഷിക്കുന്നു.
കൊല്‍ക്കത്ത: ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 97 റണ്‍സ് നേടിയ ശേഷം സഞ്ജു സാംസണ്‍ മൈതാനത്ത് മുട്ടുകുത്തി നിന്ന് ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിച്ചു. യഥാര്‍ത്ഥത്തില്‍ സഞ്ജുവിനൊപ്പം മറ്റ് ചിലര്‍ കൂടി ആ പ്രാര്‍ത്ഥനയില്‍ പങ്കുചേരേണ്ടതായിരുന്നു. കാരണം ഇന്ത്യന്‍ ടീം ടൂര്‍ണമെന്റില്‍ നിലനിന്നത് തന്നെ സഞ്ജുവിന്റെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തിലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു ആ പോരാട്ടം നയിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുമായിരുന്നു.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അഭിഷേക് ശര്‍മ എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമായിരുന്നു. ഇന്ത്യ സെമി ഫൈനലില്‍ എത്തിയെങ്കിലും, ടീം എന്ന നിലയിലുള്ള മികവിനേക്കാള്‍ വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ടാണ് ഇന്ത്യ അതിജീവിച്ചത്.
മുഹമ്മദ് ആമിറിന്റെ നിരീക്ഷണം
മുന്‍ പാക് താരം മുഹമ്മദ് ആമിര്‍ ഇന്ത്യയുടെ അവസ്ഥ വിലയിരുത്തിയിട്ടുണ്ട്. ''ഇന്ത്യ മികച്ച കളിയല്ല പുറത്തെടുക്കുന്നത്. അവരുടെ ഫീല്‍ഡിംഗ് നോക്കൂ, മൂന്നും നാലും ക്യാച്ചുകളാണ് അവര്‍ കൈവിട്ടത്. ജസ്പ്രിത് ബുംറ ഒഴികെ ബാക്കി എല്ലാ ബൗളര്‍മാരും തല്ലുവാങ്ങുന്നു. ഇന്ത്യ ഒരു ബൗളറുടെ കരുത്തിലാണ് കളിക്കുന്നത്.'' ആമിര്‍ പറഞ്ഞു.
സീറോയില്‍ തുടങ്ങുന്ന സ്‌കോര്‍ബോര്‍ഡ്
ആമിര്‍ തുടര്‍ന്നു... ''ലോകകപ്പില്‍ പല ഓപ്പണിംഗ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചിട്ടും തുടര്‍ച്ചയായി നാല് മത്സരങ്ങളിലും ഇന്ത്യയുടെ സ്‌കോര്‍ 0/1 എന്ന നിലയിലായിരുന്നു. സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തുന്നു. അഭിഷേക് ശര്‍മ ഫോം ഔട്ടാണ്, ഇഷാന്‍ കിഷന്‍ കഷ്ടപ്പെടുന്നു. ഓരോ തവണ സഞ്ജു ഫോമിലേക്ക് വരുമ്പോഴും മറുവശത്ത് അഭിഷേക് നിരാശപ്പെടുത്തുകയാണ്. തിലക് വര്‍മ തിളങ്ങുമ്പോള്‍ സൂര്യകുമാര്‍ മങ്ങുന്നു. സഞ്ജു ഒറ്റയ്ക്ക് വിമാനം ലാന്‍ഡ് ചെയ്യിക്കുന്ന പൈലറ്റിനെപ്പോലെയാണ്. യാത്രക്കാര്‍ ഒപ്പമില്ലാത്ത അവസ്ഥ.'' മുന്‍ പാക് പേസര്‍ വ്യക്ത്മാക്കി.
ബൗളിംഗില്‍ ബുംറ മാത്രം
ഇന്ത്യയുടെ ബൗളിംഗ് ജസ്പ്രീത് ബുംറ എന്ന ഒറ്റയാനിലാണ് താങ്ങിനില്‍ക്കുന്നത്. ലെങ്ത് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വരുണ്‍ ചക്രവര്‍ത്തി ടീമിന് ബാധ്യതയാകുന്നു. അക്‌സര്‍ പട്ടേല്‍ റണ്‍സ് വിട്ടുകൊടുക്കുന്നില്ലെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെടുന്നു. ഹാര്‍ദിക് ആവട്ടെ ആവശ്യത്തിന് റണ്‍സും വഴങ്ങുന്നുമുണ്ട്. സെമിയില്‍ ഇംഗ്ലണ്ടിനെപ്പോലെയുള്ള കരുത്തരായ ബാറ്റിംഗ് നിരയെ നേരിടുമ്പോള്‍ ഈ ബൗളിംഗ് ദൗര്‍ബല്യം ഇന്ത്യയെ വലച്ചേക്കാം.
കൈവിട്ട ക്യാച്ചുകള്‍
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ കളഞ്ഞത്. അഭിഷേക് മാത്രം രണ്ട് സിറ്ററുകള്‍ കൈവിട്ടു. ഈ ലോകകപ്പിലെ സൂപ്പര്‍ 8 ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ (13 എണ്ണം) കൈവിട്ട ടീം ഇന്ത്യയാണ്. ഇന്ത്യയുടെ ക്യാച്ചിംഗ് എഫിഷ്യന്‍സി വെറും 72 ശതമാനം മാത്രമാണ്.

