ആദ്യ പന്തില്‍ അത്ഭുത ജയം കുറിച്ച് കേരള ക്രിക്കറ്റ് ടീം; ലോക റെക്കോര്‍ഡ്

By Web DeskFirst Published Nov 24, 2017, 11:44 AM IST
Highlights

ഗുണ്ടൂര്‍: ആദ്യ പന്തില്‍ തന്നെ അത്ഭുത ജയം കുറിച്ച് കേരളത്തിന്റെ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീം. ഗുണ്ടൂരിലെ ജെ.കെ.സി കോളേജ ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബിയില്‍ നാഗാലാന്‍ഡിനെ രണ്ട് റണ്‍സിന് പുറത്താക്കിയ കേരളത്തിന്റെ പെണ്‍പുലികള്‍ മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ ജയം നേടുകയും ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. നാഗാലാന്‍ഡ് എറിഞ്ഞ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്ത് ബൗണ്ടറി കടത്തി കേരളം റെക്കോര്‍ഡ് ജയം സ്വന്തമാക്കുകയായിരുന്നു. 2006ല്‍ മ്യാന്‍മറിനെതിരെ നേപ്പാള്‍ രണ്ട് പന്തുകളില്‍ നേടിയ ജയമാണ് കേരളം തിരുത്തിക്കുറിച്ചത്.

50 ഓവര്‍ മത്സരത്തില്‍ 17 ഓവര്‍ ബാറ്റ് ചെയ്ത നാഗലാന്‍ഡിന് പക്ഷെ ആകെ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. ഇതില്‍ ഒരു എക്സ്ട്രായുമുണ്ട്. ഓപ്പണര്‍ മേന്‍ക മാത്രമാണ് ഒരു റണ്ണുമായി അക്കൗണ്ട് തുറന്ന ഏക ബാറ്റ്സ്‌വുണ്‍. ബാക്കിയെല്ലാവരും റണ്ണെടുക്കാതെ പുറത്തായി. കേരളത്തിനായി മിന്നു മണി നാലു വിക്കറ്റെടുത്തപ്പോള്‍ സൗരഭ്യ രണ്ട് വിക്കറ്റെടുത്തു. രണ്ട് പേര്‍ റണ്ണൗട്ടായി.

ഗ്രൂപ്പ് ബിയിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട കേരളം നാല് പോയിന്റുമായി ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്. നാല് മത്സരങ്ങളും തോറ്റ നാഗാലാന്‍ഡ് കേരളത്തിനും പിന്നിലാണ്.

 

 

click me!