വിയ്യാറയൽ താരത്തിന്റെ മുടിയിൽ പിടിച്ചു വലിച്ചതിനും റഫറിയോട് തർക്കിച്ചതിനും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നാല് മത്സരങ്ങളിൽ വിലക്ക്. ഇതോടെ ബാഴ്സലോണയ്ക്കെതിരായ എൽ ക്ലാസിക്കോ ഉൾപ്പെടെയുള്ള നിർണായക മത്സരങ്ങൾ താരത്തിന് നഷ്ടമാകും. സംഭവത്തിൽ വിനീഷ്യസ് ആരാധകരോടും ടീമിനോടും മാപ്പപേക്ഷിച്ചു.
മാഡ്രിഡ്: വിയ്യാറയല് പ്രതിരോധ താരം നഥാന് സാലിബയുടെ മുടിയില് പിടിച്ചു വലിച്ച സംഭവത്തില് റയല് മാഡ്രിഡ് മുന്നേറ്റ താരം വിനീഷ്യസ് ജൂനിയറിന് നാല് മത്സരങ്ങളില് വിലക്ക്. സ്പാനിഷ് ഫുട്ബോള് ഫെഡറേഷന്റെ ഡിസിപ്ലിനറി കമ്മിറ്റിയുടേതാണ് നടപടി. വിലക്കിനെ തുടര്ന്ന് ഒക്ടോബര് 26ന് ബാഴ്സലോണയ്ക്കെതിരെ നടക്കുന്ന സീസണിലെ ആദ്യ എല് ക്ലാസിക്കോ പോരാട്ടം ബ്രസീലിയന് താരത്തിന് നഷ്ടമാകും. ചുവപ്പ് കാര്ഡ് ലഭിച്ച കുറ്റത്തിന് രണ്ട് മത്സരങ്ങളും, റഫറിയോട് തര്ക്കിച്ചതിന് അഡീഷണല് രണ്ട് മത്സരങ്ങളുമാണ് വിലക്ക്.
ഇതോടെ ലാ ലിഗയില് സെവിയ്യ, ബാഴ്സലോണ, റേസിംഗ് സന്റാണ്ടര്, വലന്സിയ എന്നീ ടീമുകള്ക്കെതിരായ മത്സരങ്ങള് വിനീഷ്യസിന് നഷ്ടമാകും. ലാ ലിഗ സീസണിന്റെ തുടക്കത്തില് തന്നെ ബാഴ്സലോണയ്ക്ക് പിന്നിലായ റയല് മാഡ്രിഡിന് വിനീഷ്യസിന്റെ വിലക്ക് വലിയ തിരിച്ചടിയാണ്. ഈ സീസണില് കളിച്ച മത്സരങ്ങളില് ഒന്നിലൊഴികെ അഞ്ചിലും സ്റ്റാര്ട്ടിംഗ് ഇലവനിലുണ്ടായിരുന്ന താരമാണ് വിനീഷ്യസ്. എന്നാല് ആദ്യ എട്ട് മത്സരങ്ങളില് രണ്ടെണ്ണത്തില് തോറ്റ റയല് നിലവില് പോയിന്റ് പട്ടികയില് നാലാം സ്ഥാനത്താണ്. ചിരവൈരികളായ ബാഴ്സലോണയേക്കാള് 6 പോയിന്റ് പിന്നിലാണ് അവര്.
ക്ഷമാപണം നടത്തി വിനീഷ്യസ്
ശനിയാഴ്ച സാന്റിയാഗോ ബര്ണബ്യൂവില് വിയ്യാറയലിനെതിരെ റയല് മാഡ്രിഡ് 1-0 ന് വിജയിച്ച മത്സരത്തിലാണ് വിനീഷ്യസ് ചുവപ്പ് കാര്ഡ് കണ്ടു പുറത്തായത്. 52-ാം മിനിറ്റില് സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ താരം 20 മിനിറ്റിനുള്ളില് പുറത്താവുകയായിരുന്നു. റയലിന്റെ രണ്ടാം ഗോളിനായുള്ള നീക്കത്തിനിടെ വിനീഷ്യസ് സാലിബയുടെ മുടിയില് പിടിച്ചു വലിച്ചതായി വാര് പരിശോധനയില് വ്യക്തമായി. തുടര്ന്ന് റയലിന്റെ ആ ഗോള് അനുവദിച്ചതുമില്ല.
എതിര് താരത്തിന്റെ മുടിയില് പിടിച്ചു വലിക്കുന്നത് ഗുരുതരമായ അക്രമസ്വഭാവമായി സ്പാനിഷ് ഫുട്ബോള് ഫെഡറേഷന്റെ ചട്ടങ്ങളില് വ്യക്തമാക്കുന്നുണ്ട്. ആര്ട്ടിക്കിള് 130 പ്രകാരം ഇത്തരം തെറ്റുകള്ക്ക് ഒന്ന് മുതല് മൂന്ന് മത്സരങ്ങള് വരെ വിലക്ക് ലഭിക്കാം. മത്സരശേഷം സഹതാരങ്ങളോടും ആരാധകരോടും വിനീഷ്യസ് സോഷ്യല് മീഡിയയിലൂടെ മാപ്പപേക്ഷിച്ചിരുന്നു. 'ടീമിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു താരം കുറിച്ചത്.

