
മുംബൈ: ബിസിസിഐയുടെ പുതിയ ഭരണഘടന തയ്യാറായി. സുപ്രീംകോടതി നിയമിച്ച ഭരണ സമിതി ഈമാസം 19ന് മുമ്പായി ഭരണഘടന കോടതിയിൽ സമർപ്പിക്കും. ഇന്ത്യൻ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള ലോധാകമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കും വിധമാണ് ഭരണഘടന തയാറാക്കിയിട്ടുള്ളത്.
സുപ്രീംകോടതിയുടെ 2016 ജൂലൈ 18ലെ നിർദേശങ്ങളും 2017 ജൂലൈ 24ലെ ഉത്തരവും അടിസ്ഥാനമാക്കിയാണ് കരട് ഭരണഘടന തയാറാക്കിയിട്ടുള്ളത്. ഇന്ത്യൻക്രിക്കറ്റിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനായി സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിയുടെ പ്രധാനപ്പെട്ട ചുമതലയായിരുന്നു പുതിയ ഭരണഘടന രൂപീകരിക്കുക. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം.ഖാൻവിൽക്കർ, ഡി.വി ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഓഗസ്റ്റ് 30ന് മുൻപായി കരട് തയാറാക്കാനായിരുന്നു നിർദ്ദേശമെങ്കിലും സെപ്റ്റംബർ 19നു വിഷയം കോടതി വീണ്ടും പരിഗണിക്കുന്നതിന് മുൻപായി സമർപ്പിക്കാനാണ് ഭരണസമിതിയുടെ നീക്കം. കരടിന്റെ പകർപ്പ് ബിസിസിഐയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും സംസ്ഥാന ഘടകങ്ങൾക്കും മറ്റുള്ളവർക്കും നൽകും. എന്തെങ്കിലും നിർദേശങ്ങൾ ഇവർക്കു അറിയിക്കാനുണ്ടെങ്കിൽ എഴുതിത്തയ്യാറാക്കി നൽകണം. ഇവയെല്ലാം പട്ടികയാക്കിയശേഷം അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മറുപടി നൽകണമെന്നുമാണ് കോടതി നിർദ്ദേശം. ബി സി സി ഐയിലെ അംങ്ങളുടെ പ്രായ പരിധി, അംഗങ്ങളുടെ എണ്ണം തുടങ്ങി ലോധാ കമ്മിറ്റി നിർദ്ദേശങ്ങളിൽ തർക്കം നിലനിൽക്കുന്ന പല കാര്യങ്ങളിലും പരിഹാരം കാണാനാവുമെന്നാണ് വിനോദ് റായ് അധ്യക്ഷനായ ഭരണ സമിതിയുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!