ലോകകപ്പ് യോഗ്യത: അർജന്‍റീനയ്ക്ക് തിരിച്ചടി

By Web DeskFirst Published Sep 1, 2017, 8:41 AM IST
Highlights

ലോകകപ്പ് യോഗ്യത നിര്‍ണ്ണായകമത്സരത്തിൽ അർജന്‍റീനയ്ക്ക് തിരിച്ചടി .അര്‍ജന്‍റീനയെ ഉറുഗ്വേയ് ഗോൾ രഹിത സമനിലയിൽ തളച്ചു. മെസ്സിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീന ജയത്തിനായി കിണഞ്ഞു കളിച്ചെങ്കിലും ഗോൾ ശ്രമങ്ങൾ ഉറുഗ്വേയുടെ പ്രതിരോധത്തിൽ തട്ടി മടങ്ങി. ഇനി മൂന്ന് മത്സരങ്ങള്‍ അവശേഷിക്കവേ ലോകകപ്പിലേക്കുള്ള നീലപ്പടയുടെ പ്രവേശനം കൂടുതല്‍ ദുര്‍ഘടമാകുകയാണ്.

അതേ സമയം ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ ചിലെക്ക് തോൽവി .പരാഗ്വയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചിലെ തോറ്റത്. വിക്ടര്‍ കാസറേഴ്സ്, ഓര്‍ട്ടിസ് എന്നിവര്‍ ഗോളടിച്ചപ്പോൾ വിദാലിന്‍റെ സെൽഫ് ഗോളായിരുന്നു മറ്റൊന്ന്. ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നേറാനുള്ള അവസരമാണ് ചിലെ കളഞ്ഞുകുളിച്ചത്. മറ്റൊരു മത്സരത്തിൽ കൊളംബിയ വെനിസ്വേലയോട് ഗോൾ രഹിത സമനില വഴങ്ങി.

യൂറോപ്യിന്‍ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ നെതർലാൻഡ്സിനെതിരെ ഫ്രാൻസിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രാൻസ് നെതർലാൻഡ്സിനെ തകർത്തത്. തോമസ് ലെമർ ഫ്രാൻസിനായി രണ്ടു ഗോളുകൾ നേടിയപ്പോൾ അന്റോയിൻ ഗ്രീസ്മാൻ, എംബാപ്പെ എന്നിവർ ഓരോ ഗോളുകൾ വീതം ഡച്ച് വലയിലെത്തിച്ചു.. ഗ്രൂപ്പ് എയിൽ പതിനാറു പോയിന്റുമായി ഫ്രാൻസ് ഒന്നാം സ്ഥാനത്താണ്.

പോര്‍ച്ചുഗലിനും ബെൽജിയത്തിനും വമ്പന്‍ ജയങ്ങൾ. പോര്‍ച്ചുഗൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് ഫറോ ഐലാന്‍റിന് തോൽപ്പിച്ചത്.  ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക് നേടി.  മറ്റൊരു മത്സരത്തിൽ ജിബ്രാൾട്ടറിനെതിരെ എതിരില്ലാത്ത 9 ഗോളിനാണ് ബെൽജിയം ജയിച്ചത്.

യൂറോപ്യൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ  ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും ഇംഗ്ലണ്ടും ഇന്നിറങ്ങും.  കരുത്തരായ  ചെക്ക് റിപ്പബ്ലിക്കാണ് ജര്‍മ്മനിയുടെ എതിരാളി. ലോകകപ്പിന് പിന്നാലെ കോണ്‍ഫെഡറേഷൻ കപ്പും നേടിയതിന്‍റെ കരുത്തുമായാണ് ജര്‍മ്മനി ഇറങ്ങുന്നത്.
വെയ്ൻ റൂണി വിരമിച്ചതിന് ശേഷമുള്ള ആദ്യമത്സരത്തിനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മാൾട്ടയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ.

click me!