ത്രിരാഷ്ട്ര ട്വന്റി-20; ലങ്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

By Web DeskFirst Published Mar 12, 2018, 3:22 PM IST
Highlights

ഓപ്പണിംഗില്‍ ശീഖര്‍ ധവാന്റെ മിന്നും ഫോമാണ് ഇന്നും ഇന്ത്യയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യക്ക് വലിയ സ്കോര്‍ ലക്ഷ്യം വെക്കാനാവും.

കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20യിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ലങ്കയെ നേരിടാനിറങ്ങുന്നു. പ്രമുഖരില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും മധ്യനിരയുടെയും മങ്ങിയ ഫോമാണ് തലവേദനായാകുന്നത്. ഏറെ പ്രതീക്ഷ അര്‍പ്പിച്ച റിഷഭ് പന്തും സുരേഷ് റെയ്നയും ആദ്യ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയതും ഇന്ത്യക്ക് തലവേദനയാണ്.

ഓപ്പണിംഗില്‍ ശീഖര്‍ ധവാന്റെ മിന്നും ഫോമാണ് ഇന്നും ഇന്ത്യയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യക്ക് വലിയ സ്കോര്‍ ലക്ഷ്യം വെക്കാനാവും. ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്താല്‍ വമ്പന്‍ സ്കോര്‍ ഉയര്‍ത്തിയാലെ ഇന്ത്യക്ക് പ്രതിരോധിക്കാനാവു. ഇതിന് രോഹിത്-ധവാന്‍ സഖ്യം നല്‍കുന്ന തുടക്കം നിര്‍ണായകമാവും.

കെഎല്‍ രാഹുല്‍ രോഹിത്തിന് പകരം ഓപ്പണറായി എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്താല്‍ രോഹിത് നാലാം നമ്പറില്‍ ഇറങ്ങിയേക്കും. മൂന്നാം നമ്പറില്‍ സുരേഷ് റെയ്നക്ക് ഒരവസരം കൂടി ലഭിക്കും. രോഹിത്തോ രാഹുലോ നാലാമത് ഇറങ്ങിയാല്‍ അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെ കളിക്കും. ദിനേശ് കാര്‍ത്തിക് ആകും ആറാം നമ്പറില്‍. കഴിഞ്ഞ കളിയിലെ കേമനായി വിജയ് ശങ്കര്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി തുടരും.

സ്പിന്‍ വിഭാഗത്തില്‍ വാഷിംഗ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചാഹലും തന്നെയാകും എത്തുക. പേസ് ബൗളര്‍മാരായി ജയദേവ് ഉനദ്ഘട്ടും ഷര്‍ദ്ദുല്‍ താക്കൂറും തുടര്‍ന്നേക്കും. ലങ്കക്കെതിരായ ആദ്യമത്സരത്തില്‍ ഏറെ റണ്‍സ് വഴങ്ങിയ ശര്‍ദ്ദൂല്‍ ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്നിരുന്നു. ശര്‍ദ്ദൂല്‍ കളിച്ചില്ലെങ്കില്‍ മുഹമ്മദ് സിറാജ് അന്തിമ ഇലവനിലെത്തും.

click me!