
ജൊഹ്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ ട്വന്റി-20 ലീഗായ എംസാന്‍സി സൂപ്പര്‍ ലീഗില്‍ വാലറ്റക്കാരന്റെ തകര്‍പ്പന്‍ പ്രകടനം. ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഒറ്റ പന്തില്‍ 13 റണ്‍സടിച്ചാണ് ഒമ്പതാം നമ്പര്‍ ബാറ്റ്സ്മാന്‍ ഞെട്ടിച്ചത്. ഡര്‍ബന്‍ ഹീറ്റും ജോസി സ്റ്റാര്‍സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ജോസി സ്റ്റാര്‍സിനായി ഇറങ്ങിയ നോനോ പൊങ്കോളോ ആണ് ടീമിന് അവിശ്വസീന ജയം സമ്മാനിച്ചത്.
സ്റ്റാര്‍സിന് ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഹീറ്റിന്റെ മര്‍ച്ചന്റ് ഡി ലാംഗെ എറിഞ്ഞ ആദ്യ പന്ത് ഫുള്‍ട്ടോസായി. ഈ പന്ത് പൊങ്കോളോ സ്ക്വയര്‍ ലെഗ് ബൗണ്ടറിയിലേക്ക് സിക്സറിന് പറത്തി. അരക്കു മുകളിലുള്ള ഫുള്‍ടോസായതിനാല്‍ അമ്പയര്‍ ഈ പന്ത് നോ ബോള്‍ വിളിച്ചു. ഫ്രീഹിറ്റും അനുവദിച്ചു. നോ ബോളിന്റെ ഒരു റണ്‍സ് കൂടി ലഭിച്ചതോടെ സ്റ്റാര്‍സിന് ഒരു പന്തില്‍ ഏഴ് റണ്‍സ് ലഭിച്ചു. വീണ്ടും രണ്ടു പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്.
ഫ്രീ ഹിറ്റായി ലഭിച്ച അടുത്ത പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സറിന് പറത്തി പൊങ്കോളൊ സ്റ്റാര്‍സിന് ഒരു പന്ത് ബാക്കി നിര്‍ത്തി അവിശ്വസനീയ ജയമൊരുക്കി. ടൂര്‍ണമെന്റില്‍ ജോസി സ്റ്റാര്‍സിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍ ഹീറ്റ് 128 റണ്‍സാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!