
ദുബായ്: ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഒരിന്നിംഗ്സില്‍ പത്ത് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയ രണ്ട് താരങ്ങളെയുള്ളു. ഇംഗ്ലണ്ടിന്‍റെ ജിം ലേക്കറും ഇന്ത്യയുടെ സ്വന്തം അനില്‍ കുംബ്ലെയും മാത്രമാണ് അങ്ങനെയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. അനില്‍ കുംബ്ലെ മാത്രമാണ് ഇതില്‍ ഒരി ദിവസം തന്നെ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രം കുറിച്ചത്. ജിം ലേക്കര്‍ രണ്ട് ദിവസങ്ങളിലായാണ് ഒരിന്നിംഗ്സിലെ പത്ത് വിക്കറ്റും പിഴുതെറിഞ്ഞത്.
ഇപ്പോഴിത് ചരിത്രത്തില്‍ ഒരു ദിവസം തന്നെ എതിര്‍ ടീമിന്‍റെ പത്ത് വിക്കറ്റും പിഴുതെറിയുകയെന്ന സ്വപ്ന നേട്ടം കുംബ്ലെയ്ക്ക് ശേഷം സ്വന്തമാക്കിയിരിക്കുകയാണ് പാക് സ്പിന്നര്‍ യാസിര്‍ ഷാ. ന്യൂസിലാന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ എട്ട് പേരെ പറഞ്ഞയച്ച താരം ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്നലെ തന്നെയാണ് എട്ടും രണ്ടും വീതം പത്ത് വിക്കറ്റെന്ന നേട്ടം അദ്ദേഹം പോക്കറ്റിലാക്കിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു ദിവസം തന്നെ പത്ത് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമെന്ന ഖ്യാതി കൂടിയാണ് പാക് സ്പിന്നര്‍ കറക്കി വീഴ്ത്തിയത്.
പാക്കിസ്ഥാന്‍റെ 418 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്‍റെ ആദ്യ ഇന്നിംഗ്സ് വെറും 35.3 ഓവറില്‍ 90 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഷാ എട്ട് വിക്കറ്റ് കൊയ്‌ത്ത്. ആറ് ന്യൂസീലന്‍ഡ് ബാറ്റ്സ്‌മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി. ജീത്ത് റാവല്‍(31), ടോം ലതാം(22), റോസ് ടെയ്‌ലര്‍(0), ഹെന്‍റി നിക്കോളാസ്(0), ഇഷ് സോധി(0), നീല്‍ വാഗ്‌നര്‍(0), അജാസ് പട്ടേല്‍(40, ട്രെന്‍റ് ബോള്‍ട്ട്(0) എന്നിവരാണ് ഷായുടെ സ്‌പിന്‍ വലയത്തില്‍ കുടുങ്ങിയത്.
ഫോളോഓണ്‍ ചെയ്ത കിവികള്‍ ഇന്നലെ കളിയവസാനിപ്പിച്ചത് 2 ന് 131 എന്ന നിലയിലാണ്. ജീത്ത് റാവലിനെ രണ്ട് റണ്‍സിനും നായകന്‍ വില്യംസണെ 30 റണ്‍സിനും യാസിര്‍ ഷാ പുറത്താക്കിയിരുന്നു. ഇന്ന് കളി പുനരാരംഭിച്ച ന്യൂസിലാന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 3 ന് 161 എന്ന നിലയിലാണ്. 50 റണ്‍സ് നേടിയ ടോം ലതാമിനെ ഹസന്‍ അലിയാണ് പുറത്താക്കിയത്. 65 റണ്‍സുമായി റോസ് ടെയ് ലറും 8 റണ്‍സുമായി നിക്കോളാസുമാണ് ക്രീസില്‍. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് കിവികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!