
മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനും ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ സെലക്ടര്‍മാര്‍ കളിക്കാര്‍ക്ക് നല്‍കിയത് വ്യക്തമായ സന്ദേശം. ഈ ടീമില്‍ ആരുടെയും സ്ഥാനം സ്ഥിരമല്ല. മൂന്ന് പരമ്പരകള്‍ക്കുമായി 28 കളിക്കാരെയാണ് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതില്‍ എല്ലാ ഫോര്‍മാറ്റിലും അന്തിമ ഇലവനില്‍ സ്ഥാനം നേടുമെന്ന് ഉറപ്പുള്ളവര്‍ രണ്ടേ രണ്ടുപേരാണ്. സ്വാഭാവികമായും ഒന്ന് ക്യാപ്റ്റന്‍ വിരാട് കോലിയാണെങ്കില്‍ രണ്ടാമത്തെയാള്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാറാണ്. അതായത്, ടീമിലെ മറ്റാരുടെയും സ്ഥാനങ്ങള്‍ക്ക് വലിയ ഉറപ്പൊന്നുമില്ലെന്ന് ചുരുക്കം. അത് എത്ര സീനിയര്‍ താരമാണെങ്കിലും.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായ രോഹിത് ശര്‍മയെ അഫ്ഗാനെതിരായ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതുതന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. രോഹിതിന് പകരം കരുണ്‍ നായരെയാണ് സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മികച്ച തുടക്കത്തോടെ കരിയര്‍ തുടങ്ങിയ കരുണിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചാല്‍ രണ്ടാം വരവിനുള്ള അവസരാമാകുമത്. അതുപോലെ വ്യക്തിപരമായ വിവാദങ്ങളില്‍ പെട്ടുഴലുന്ന മുഹമ്മദ് ഷാമിയെ ടെസ്റ്റ് ടീമില്‍ മാത്രമായി പരിമിതപ്പെടുത്തി എന്നതും ശ്രദ്ധേയമായി.
ഏകദിന, ടെസ്റ്റ്, ട്വന്റി-20 ടീമുകളിളെല്ലാം ഒരുപോലെ സ്ഥാനം ലഭിച്ചവര്‍ നാലുപേരാണ്. ശീഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, ഹര്‍ദ്ദീക് പാണ്ഡ്യ തുടങ്ങിയവര്‍. ഇതില്‍ ആദ്യ മൂന്നുപേരും ടീമുകളില്‍ വന്നും പോയും ഇരിക്കുന്നവരാണ്. ഹര്‍ദ്ദീക് പാണ്ഡ്യയാകട്ടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ പേരിലാണ് സെലക്ടര്‍മാരുടെ വിശ്വാസം പിടിച്ചുപറ്റിയത്. ക്യാപ്റ്റന്‍ വിരാട് കോലിയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയുമാണ് മൂന്ന് ടീമിലും സ്വാഭാവികമായും സ്ഥാനം നേടാന്‍ ഇടയുള്ള താരങ്ങള്‍. കൗണ്ടി കളിക്കാനായി കോലി ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ വരാനിരിക്കുന്ന പരമ്പരകള്‍ കണിക്കിലെടുത്ത് ബൂമ്രക്കും ഭുവനേശ്വറിനും സെലക്ടര്‍മാര്‍ വിശ്രമം നല്‍കി. ഈ മൂന്ന് പേരൊഴിക മറ്റുള്ളവര്‍ക്കെല്ലാം സ്വന്തം സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ ഈ പരമ്പരകള്‍ നിര്‍ണായകമാണ്.
അണ്ടര്‍ 19 ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയ യുവതാരങ്ങളായ പൃഥ്വി ഷായെയും ശുഭ്‌മാന്‍ ഗില്ലിനെയും എ ടീമിലുള്‍പ്പെടുത്താനും സെലക്ടര്‍മാര്‍ ശ്രദ്ധ കാണിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി ഭൂരിഭാഗം മത്സരങ്ങളിലും കളിച്ച ശിവം മാവിയെ ജോലിഭാരം കണക്കിലെടുത്ത് പരിഗണിച്ചില്ലെങ്കിലും വൈകാതെ മാവിയും എ ടീമിലെത്തുമെന്നുറപ്പാണ്.
ലോകകപ്പ് ടീമിലേക്കും കൂട്ടയിടി
2019ലെ ഏകദിന ലോകകപ്പിനായി ടീമിനെ ഒരുക്കുക എന്ന വലിയ ലക്ഷ്യവും സെലക്ടര്‍മാരുടെ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. അന്തിമ ടീമില്‍ ആരൊക്കെയുണ്ടാവണമെന്നതിനെക്കുറിച്ച് കോലിയും രവി ശാസ്ത്രിയും ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ല. ലോകകപ്പിനായി 17-18 കളിക്കാരുടെ അവസാന ചുരുക്കപ്പട്ടിക തയാറാക്കും മുമ്പ് കുറച്ച് കളിക്കാരെക്കൂടി പരീക്ഷിക്കണമെന്നാണ് കോലിയുടെയും ശാസ്ത്രിയുടെയും നിലപാട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇത്രയധികം താരങ്ങള്‍ക്ക് ഒരുമിച്ച് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായത്.
കുല്‍ദീപിന്റെയും ചാഹലിന്റെയും വരവോടെ ഏകദിന, ട്വന്റി-20 ടീമുകളില്‍ നിന്ന് പുറത്തായ അശ്വിനും ജഡേജയ്ക്കും ലോകകപ്പ് ടീമിലിടം നേടണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എ ടീമുകള്‍ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ ഇടം നേടിയതിലൂടെ സഞ്ജുവിനും ലോകകപ്പ് ടീമില്‍ പ്രതീക്ഷവെക്കാം. പക്ഷെ, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരുടെ ശക്തമായ വെല്ലുവിളി മറികടക്കേണ്ടിവരുമെന്ന് മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!