This is our game, not theirs: Klopp hits out at Trump, Infantino in Balogun ban row. ഫുട്ബോളിനെക്കുറിച്ച് അറിവില്ലാത്തവർ ഇടപെടുന്നതിനെ യൂർഗൻ ക്ലോപ്പ് വിമർശിച്ചു.
സിയാറ്റിൽ: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്‍ ബലോഗന് ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്‌പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയത് വലിയ വിവാദങ്ങൾക്കാണ് ലോകകപ്പിൽ വഴിതുറന്നത്. ബെല്ജിയത്തിനെതിരായ ഇന്ന് നടന്ന മത്സരത്തിൽ യു.എസിന് വേണ്ടി ബലോഗൻ സ്റ്റാർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇൻഫന്റീനോയുടെയും ഡൊണാൾഡ് ട്രമ്പിന്റെയും ഇടപെടലിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ്.
ഫുട്‍ബോൾ നമ്മുടെ കളിയാണെന്നും അതിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത രണ്ട് പേർക്ക് ഇതിൽ ഇടപെടാൻ യാതൊരു അവകാശമില്ലെന്നും ക്ലോപ്പ് പറഞ്ഞു. "ഇത് നമ്മുടെ കളിയാണ്, അവരുടേതല്ല. അത് റെഡ് കാർഡ് ആണെന്നതിൽ സംശയമില്ല. ബലോഗൻ മനഃപൂർവ്വം ചെയ്തതാവില്ല, പക്ഷെ നിയമം അങ്ങനെയാണ്. ഫുട്‍ബോളിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത രണ്ട് പേർക്ക് ഇതിൽ ഇടപെടാൻ യാതൊരു അവകാശവുമില്ല." ക്ലോപ്പ് പറയുന്നു.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെയാണ് ഇന്ന് നടന്ന ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇറങ്ങിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെൽജിയം വിജയിച്ച ക്വാർട്ടർ പ്രവേശനം നേടിയിരുന്നു. യൂറോ ചാമ്പ്യന്മാരായ സ്‌പെയിൻ ആണ് ക്വാർട്ടറിൽ ബെൽജിയത്തിന്റെ എതിരാളികൾ.
‘മറ്റ് രാജ്യത്തലവന്മാരോടുള്ള ബന്ധം ആണ് ട്രംപിനോടുള്ളത്’
വിവാദങ്ങളിൽ കൈകഴുകി ഫിഫ പ്രസിഡന്റിന്റെ നിലപാട്. യുഎസ് താരത്തിനുള്ള ഇളവ് തന്റെ തീരുമാനമല്ലെന്നും തീരുമാനിച്ചത് അച്ചടക്ക സമിതിയെന്നും വാദം. സമിതി തീരുമാനം പുറത്തുവിടുമ്പോൾ മാത്രമേ താൻ അറിയുകയുള്ളുവെന്നും ചില തീരുമാനങ്ങൾ തനിക്കും അത്ഭുതമാണെന്നും ഇൻഫന്റീനോ പറയുന്നു. എന്നാൽ അച്ചടക്കസമിതിയെ ബഹുമാനിക്കുകയാണ് പതിവെന്നും ട്രംപിനോടും ഇക്കാര്യം ആണ് പറഞ്ഞതെന്നും മറ്റ് രാജ്യത്തലവന്മാരോടുള്ള ബന്ധം ആണ് ട്രംപിനോടുള്ളതെന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.
അതേസമയം ഫിഫയ്ക്ക് മുന്നിലേക്ക് കൂടുതൽ അപ്പീലുകൾ വരുന്നുണ്ട്. പരാഗ്വായ്ക്കെതിരായ മത്സരത്തിലെ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന് ഫ്രാൻസ്. ഫിഫയ്ക്കു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകി. ക്വാർട്ടറിൽ ഒരു മഞ്ഞക്കാർഡ് കൂടിയായാൽ സെമി നഷ്ടമാകും. ലോകകപ്പിൽ 5 അസ്സിസ്റ്റുമായി മുന്നിൽ ആണ് ഒലീസെ.



