
കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു.ചിത്രയെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അത്ലറ്റിക് ഫെഡറേഷന്റെ തീരുമാനം ഇന്ന് അറിയാം. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നൽകിയ ഹർജിയിലാണ് ഇന്നലെ ഹൈക്കോടതിയുടെ അനൂകൂല ഇടപെടലുണ്ടായത്. അതേസമയം ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷഷന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഫെഡറേഷനാണ് തീരുമാനമെടുക്കേണ്ടതെന്നും ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് അറിയിച്ചു.
ചിത്രയെ പരിഗണിക്കണമെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി നല്‍കിയത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അത്ലറ്റിക് ഫെഡറേഷനാണ് അന്തിമ തീരുമാനം എടുക്കുന്നത്. ഇന്ന് വൈകിട്ടോടെ തീരുമാനം അറിയാൻ കഴിയും.
ഹൈക്കോടതി വിധി ചിത്രയെ സഹായിക്കുമോ എന്ന് ഇന്നത്തെ അത്ലറ്റിക് ഫെഡറേഷൻ്റെ യോഗത്തിന് ശേഷമേ അറിയാൻ കഴിയൂ. അതേ സമയം ഹൈക്കോടതി വിധിക്കെതിരെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തിങ്കളാഴ്ച്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഹൈക്കോടതി ഇന്നലെ അനുകൂല ഉത്തരവിട്ടെങ്കിലും അടുത്തമാസമാദ്യം ലണ്ടനിൽ തുടങ്ങുന്ന ലോക ചാമ്പ്യാൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ദില്ലിയില്‍ നിന്നും പുറപ്പെട്ടിരുന്നു. പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങളുടെ അന്തിമ പട്ടിക അത്ലറ്റിക് ഫെഡറേഷനു കൈമാറുകയും ചെയ്തു. ഇതിനാൽ തന്നെ ചിത്രയെ ടീമിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത വിരളമാണ്.
14 ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ ഏഷ്യൻ ചാമ്പ്യാൻഷിപ്പിൽ സ്വർണം നേടിയ മൂന്നു പേരില്ല. ചിത്രയ്ക്കൊപ്പം സുധാ സിംഗും അജയ്കുമാർ സരോജുമാണ് പട്ടികയിൽനിന്നു പുറത്തായത്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ യോഗ്യതാ മാർക്ക് കിട്ടിയവര്‍ക്കും അതാത് മേഖലകളിലെ ചാമ്പ്യൻഷിപ്പുകളിലെ സ്വർണ വിജയികൾക്കുമാണ് ലോക മീറ്റിൽ മത്സരിക്കാനുള്ള അവസരമുള്ളത്.
ഇരുപതാം തീയ്യതി തയാറാക്കിയ ടീം പട്ടിക പുറത്തുവിട്ടത് 23ന് രാത്രി എട്ടിനായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും താമസിച്ചതെന്ന ചോദ്യത്തിന് അത്ലറ്റിക് ഫെഡറേഷൻ വ്യക്തമായ ഉത്തരം ഇതേവരെ നൽകിയിട്ടില്ല. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നവരെല്ലാം ലോക മീറ്റിൽ പങ്കെടുക്കുമെന്ന് എഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാക്ക് തെറ്റിച്ചാണ് ചിത്രയെ പട്ടികയിൽനിന്ന് പുറത്താക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!